സ്ത്രീകൾ കരുത്താർജ്ജിക്കുന്ന കാലമാണിത്. സ്ത്രീകൾ ഭരണ രംഗത്ത് വരുന്ന സ്ഥലങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. സ്ത്രീകളുടെ അവകാശം മറ്റുള്ളവരുടെ മേൽ കുതിര കയറാനല്ല ഉപയോഗിക്കേണ്ടതെന്നും ഷാജി പറഞ്ഞു.
മുസ്ലിം ലീഗിലെ സ്ത്രീകൾ ലിംഗ സമത്വത്തിനു വേണ്ടിയല്ല നിലകൊള്ളുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ഇതേ പരിപാടിയിൽ പറഞ്ഞു. സമുദായത്തെ മറന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തരുത്. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനം. ലീഗിന്റെ ന്യൂനപക്ഷമെന്നാൽ മതന്യൂനപക്ഷമാണ്. ലീഗിന്റെ ഭരണഘടനയിൽ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാൻ പറഞ്ഞിട്ടില്ല. മുസ്ലിം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്കാരം ഉണ്ടെന്നും അത് കാത്തു സൂക്ഷിക്കണമെന്നും നൂർബിന പറഞ്ഞു.
എന്നാൽ മുസ്ലിം പെൺകുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്നതും കലഹിക്കുന്നതും സിഎച്ച് മുഹമ്മദ് കോയ പകർന്നു നൽകിയ ഊർജ്ജംകൊണ്ടാണെന്ന് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞു. സിഎച്ച് മുഹമ്മദ് കോയയുടെ 38-ാം ചരമ വാർഷികത്തോടനുബന്ധിച്ച് മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. മുസ്ലിം പെൺകുട്ടികൾ പഠിച്ചും നയിച്ചും മുന്നേറുന്നതു കാണുമ്പോൾ അവകാശങ്ങൾക്കായി കരളുറപ്പോടെ സംസാരിക്കുന്നതു കാണുമ്പോൾ ആർക്കെങ്കിലും വിമ്മിട്ടം തോന്നുന്നുണ്ടെങ്കിൽ അറിഞ്ഞുകൊള്ളുക സിഎച്ചാണ് അതിന് ഉത്തരവാദി- ഫാത്തിമ പറഞ്ഞു.
അതേസമയം മുസ്ലിം ലീഗ് നേതൃത്വത്തിന് പൂർണ്ണ പിന്തുണ നൽകിയും പഴയ ഭാരവാഹികളെ തള്ളിപ്പറഞ്ഞും പുതിയ ഹരിത നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന നിലപാടുകൾ ഹരിതയിൽ നിന്നും ഉണ്ടാവില്ലെന്നാണ് പുതിയ നേതൃത്വത്തിന്റെ ഉറപ്പ്. പൊതു ബോധത്തിനു വിരുദ്ധമായി പാർട്ടി സ്വീകരിച്ച നിലപാടുകളെല്ലാം ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്ന് ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞു. ‘സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു റുമൈസ.