ലണ്ടന്‍
ബ്രിട്ടനില്‍ ഇന്ധനക്ഷാമം രൂക്ഷം. ആളുകള്‍ കൂട്ടത്തോടെ വാഹനങ്ങളുമായി പമ്പുകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കുന്നത് വന്‍ ഗതാഗതക്കുരുക്കിന് വഴിവച്ചു. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സൈന്യത്തെ നിയോഗിച്ചു. പ്രധാന നഗരങ്ങളിലേതുള്പ്പെടെ രാജ്യത്തെ 90 ശതമാനം ഇന്ധന സ്റ്റേഷനും കാലിയാണ്. പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും ഇന്ധനവില വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും നിജസ്ഥിതി മനസ്സിലാക്കാതെ ജനങ്ങള്‍ പരിഭ്രാന്തരായി പമ്പുകളിലേക്ക് എത്തുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും ബ്രിട്ടീഷ് ഗതാഗതമന്ത്രി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. സംഭരണകേന്ദ്രങ്ങളില്‍നിന്ന് എണ്ണ പമ്പുകളിലേക്ക് എത്തിക്കുന്നതിനായി ഡ്രൈവര്‍മാരെ കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ 90,000 ഡ്രൈവർമാരുടെ കുറവാണ് ബ്രിട്ടനിലുള്ളത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിസന്ധിയിൽ ഡ്രൈവിങ് ടെസ്റ്റുകൾ റദ്ദാക്കേണ്ടി വന്നതും ലോക്ഡൗണിനെത്തുടര്‍ന്ന് നാടുകളിലേക്ക് പോയ ഡ്രൈവർമാർ തിരിച്ചെത്താത്തതും പ്രശ്നം രൂക്ഷമാക്കി. സമ്പദ് വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുമെന്നതിനാല്‍ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 5000 വിദേശ ലോറി ഡ്രൈവർമാരെ മൂന്നുമാസത്തെ താല്‍ക്കാലിക വിസയില്‍ രാജ്യത്തെത്തിക്കുമെന്ന് ഞായറാഴ്ച സര്‍ക്കാര്‍ അറിയിച്ചു. ഭക്ഷ്യക്ഷാമവും രൂക്ഷാമായി.