കൂത്തുപറമ്പ്> സി പി ഐ എം പ്രവര്ത്തകന് ജി പവിത്രനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ പരിശോധിക്കാന്‍ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എ എഫ് ഷിജു അനുമതി നല്കി. കേസിലെ ഏഴാം പ്രതി മാഹി ചെമ്പ്രയിലെ എബ്രാന്റവിട സുബീഷ് എന്ന കുപ്പി സുബീഷിന്റെ ശബ്ദമാണ് പരിശോധനക്കായി ശേഖരിക്കുന്നത്. കണ്ണൂര്‍ ആകാശവാണിയില്‍ നിന്ന് ശബ്ദം ശേഖരിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി പി വിക്രമന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
സിപി ഐം എം പ്രവര്ത്തകന് ജി പവിത്രനെ കണ്ണവം പൊലീസ് സ്റ്റേഷന് പരിധിയില്‍ തൊടീക്കളം റേഷന്‍കടക്ക് സമീപം 2009 മാര്‍ച്ച് 27നാണ് ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നത്. സുഹൃത്തുമായുള്ള പ്രതിയുടെ ഫോണ്‍ സംഭാഷണം അന്വേഷക സംഘം ശേഖരിച്ച് ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ആധികാരികത ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന.
പ്രതിയുടെ ശബ്ദം പരിശോധനയ്ക്ക് അയക്കാനുള്ള അനുമതി നല്കാന് മജിസ്ട്രേറ്റിന് അധികാരമില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ശബ്ദ പരിശോധനക്ക് അനുമതി നല്കാന് കോടതിക്ക് അധികാരമുണ്ടെന്ന ഉത്തര്‍ പ്രദേശിലെ റിതേഷ് സിന്‍ഹ കേസിലെ സുപ്രിം കോടതി മൂന്നംഗ ബെഞ്ചിന്റെ വിധി ഉദ്ധരിച്ച് അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഷീജാ മോഹന്‍രാജ് ബോധിപ്പിച്ചു.
പാതിരിയാട് വാളാങ്കിച്ചാലിലെ മൊഹനന് വധക്കേസില്‍ പിടിയിലായപ്പോഴാണ് ജി പവിത്രന്, കെ പി ജിജേഷ്, ഫസല്‍ ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകത്തിലെ പങ്കാളിത്തം സുബീഷ് വെളിപ്പെടുത്തിയത്. തുടരന്വേഷണം നടത്തി ജി പവിത്രന്, കെ പി ജിജേഷ് കൊലകേസുകളില്‍ സുബീഷിനെ പ്രതിചേര്‍ത്തു. ഫസല്‍ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.