നാദാപുരം > ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ഉമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടികൾ രണ്ട്പേരും മരിച്ചു. പേരോടാണ് സംഭവം. സിസി യുപി സ്കൂളിനു സമീപത്തെ മഞ്ഞാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസാണ് മൂന്നര വയസുള്ള മുഹമ്മദ് റസ്വിൻ, ഫാത്തിമ റൗഹ എന്നിവരെ കിണറ്റിലെറിഞ്ഞത്. വാണിമേലിലെ ബന്ധുവിനെ ഫോണിൽ വിളിച്ച് കിണറിൽ ചാടി മരിക്കുകയാണെന്ന് അറിയിച്ച ശേഷമാണ് തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ റഫീഖിന്റെ തറവാട്ടു വീട്ടിലെ കിണറ്റിൽ കുട്ടികളുമായി ചാടിയത്. കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന സുബീനയെ നാട്ടുകാർ രക്ഷപ്പെടുത്തി.
നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇവരെ പിന്നീട് നാദാപുരം സിഐ ഇ വി ഫായിസ് അറസ്റ്റ് ചെയ്തു. സുബീനക്കെതിരെ നാദാപുരം പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എഎസ്പി നിധിൻ രാജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ സംസ്കരിച്ചു.