ന്യൂഡൽഹി: ഐപിഎൽ രണ്ടാം ഘട്ടം പാതിവഴിയിൽ നിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയായി പരുക്ക്. കാൽമുട്ടിനു ഗുരുതരമായി പരുക്കേറ്റ ഇടം കയ്യൻ സ്പിന്നർ കുൽദീപ് യാദവ് യുഎഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങി. വരുന്ന ആഭ്യന്തര സീസണും താരത്തിന് നഷ്ടമായേക്കും.
“അതെ, കുൽദീപിന് യുഎഇയിൽ പരിശീലനത്തിനിടയിൽ കാൽമുട്ടിന് പരുക്കേറ്റതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഫീൾഡിംഗ് സമയത്താണ് പരുക്കേറ്റത്. കാൽമുട്ട് തിരിയുകയായിരുന്നു. ഐപിഎല്ലിൽ തുടരാൻ സാധിക്കാത്തതിനാൽ ഇന്ത്യയിലേക്ക് മടക്കി അയച്ചു.” ഐപിഎൽ ടീമുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ബിസിസിഐ ഉന്നതൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മുംബൈയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുൽദീപിന്റെ തിരിച്ചുവരവിന് നാല് മുതൽ ആറ് മാസം സമയമെടുത്തേക്കും. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയായിരുന്ന കുൽദീപിനെ സംബന്ധിച്ചു വലിയ തിരിച്ചടിയാണ് പരുക്ക്.
“കാൽമുട്ടിന് ഏൽക്കുന്ന പരിക്കുകൾ പൊതുവെ മോശമാണ്. നടക്കാന്‍ തുടങ്ങുന്നത് മുതല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍(എന്‍സിഎ) ഫിസിയോതെറാപ്പിക്ക് വിധേയനായി മുട്ടിന് പൂർണ ശക്തി തിരിച്ചുകിട്ടുന്നത് വരെ വലിയ പ്രക്രിയയാണ്. ശേഷം ലളിതമായ രീതിയിൽ പരിശീലനം തുടങ്ങിവേണം അവസാനം നെറ്റ് പരിശീലനം ആരംഭിക്കാൻ. രഞ്ജി ട്രോഫി മത്സരങ്ങള്‍ അവസാനിക്കാറാവുമ്പോൾ കുല്‍ദീപ് മത്സരത്തിന് തയ്യാറാകുമോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല’ എന്ന് മറ്റൊരു ഐപിഎല്‍ വൃത്തം പിടിഐയോട് പറഞ്ഞു.
സിഡ്‌നിയിലെ അഞ്ചു വിക്കറ്റ് നേട്ടത്തിനു ശേഷം വിദേശ സാഹചര്യങ്ങളിലെ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നർ എന്ന് രവി ശാസ്ത്രി വിശേഷിപ്പിച്ച കുൽദീപിന് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല.
Also Read: IPL 2021: ഇങ്ങനെയുണ്ടോ ഒരു തോല്‍വി; പരാജയത്തിന് പിന്നാലെ മുംബൈയ്ക്ക് ട്രോള്‍ മഴ
കാൺപൂരിൽ നിന്നുള്ള 26കാരൻ ഇന്ത്യക്കായി ഏഴ് ടെസ്റ്റുകളും 65 ഏകദിനങ്ങളും 23 ടി20 കളും കളിച്ചിട്ടുണ്ട്.
കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ കുൽദീപ് കളിച്ചെങ്കിലും ഒരു ഏകദിന മത്സരത്തിൽ 2/48, ഒരു ടി 20 മത്സരത്തിൽ 2/30 എന്നിങ്ങനെ ശരാശരി പ്രകടനം മാത്രമാണ് താരത്തിന് പുറത്തെടുക്കാൻ സാധിച്ചത്. പര്യടനത്തിൽ രണ്ട് മത്സരങ്ങൾ കൂടി കളിച്ചെങ്കിലും അതിൽ വിക്കറ്റ് നേടാൻ കഴിഞ്ഞിരുന്നില്ല.
The post IPL 2021: കൊൽക്കത്തയ്ക്ക് തിരിച്ചടി; കാൽമുട്ടിന് പരുക്ക്, കുൽദീപ് യാദവ് നാട്ടിലേക്ക് മടങ്ങി appeared first on Indian Express Malayalam.