പൊതു സ്ഥലങ്ങളിലെ ശുചിത്വം സിംഗപ്പൂരിനെ സംബന്ധിച്ച് പ്രധാനമാണ്. സംശയമുണ്ടോ? എങ്കിൽ സിംഗപ്പൂരിലെ ഒരു പൊതു ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം ഫ്ലഷ് ചെയ്യാത്ത പുറത്തിറങ്ങി വന്നാൽ മനസ്സിലാവും. കനത്ത പിഴയാണ് ഫ്ലഷ് ചെയ്യാതെ പുറത്തിറങ്ങുന്നവർ അടയ്‌ക്കേണ്ടത്. 150 ഡോളർ (ഏകദേശം 8000 രൂപ) ആണ് സിംഗപ്പൂരിലെ പൊതു ടോയ്‌ലറ്റിൽ പോയ ശേഷം ഫ്ലഷ് ഉപയോഗിക്കാതെ പുറത്തിറങ്ങി വന്നാലുള്ള ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ജയിൽ ശിക്ഷയും ലഭിക്കും. എല്ലാവരേയും ശുചിത്വം ഗൗരവമായി എടുക്കാൻ പ്രേരിപ്പിക്കുന്നതിനാണ് ഇത്തരം കർശനമായ നടപടി. രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികളും ഫ്ലഷ് ചെയ്യാൻ മറക്കരുതെന്ന് അധികാരികൾ നിർദ്ദേശിക്കുന്നു.
സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലത്തെ പ്രാദേശിക പാരമ്പര്യങ്ങളെയും നിയമങ്ങളെയും കുറിച്ച് എപ്പോഴും അറിയാൻ ശ്രമിക്കേണ്ടതാണ്. സിംഗപ്പൂരിൽ ഒരാൾക്ക് തെരുവിൽ തുപ്പുകയോ, നഗ്നനായി കറങ്ങുകയോ, സുരക്ഷിതമല്ലാത്ത വൈഫൈയുമായി ഗാഡ്ജറ്റ്‌സുകൾ ബന്ധിപ്പിക്കുകയോ ചെയ്താൽ കനത്ത പിഴയാണ് ഒടുക്കേണ്ടി വരിക.
സിംഗപ്പൂരിൽ ച്യൂയിംഗ് ഗം വിൽക്കുന്നത് നിയമവിരുദ്ധമാണ്. ചില മെഡിക്കൽ ഗുണങ്ങളുള്ള ച്യൂയിംഗ് ഗം ഡോക്ടറുടെ കത്ത് സഹിതം വാങ്ങി ഉപയോഗിക്കാം. സംഗീതോപകരണം വായിച്ച് ആരെയെങ്കിലും പ്രകോപിപ്പിക്കുന്നത് സിംഗപ്പൂരിൽ നിയമവിരുദ്ധമാണ്. പട്ടം പറത്തി ട്രാഫിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും രാജ്യത്ത് കനത്ത ശിക്ഷയ്ക്ക് കാരണമാവും.