അടിമാലി > ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കിലെങ്കിലും പാൽപോലെ പതഞ്ഞുചാടുന്ന വെള്ളച്ചാട്ടങ്ങളും മഞ്ഞുപുതച്ച തേയിലത്തോട്ടങ്ങളും മേഘങ്ങളെ ചുംബിക്കുന്ന മലകളും എല്ലാമുള്ള ഹൈറേഞ്ച് എക്കാലവും സഞ്ചാരികളുടെ പറുദീസയാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തോട്ടങ്ങളും ചുവപ്പ് വാരിവിതറുന്ന ഉദയാസ്തമയ കാഴ്ചകളും സൗന്ദര്യം ഒളിപ്പിക്കുന്ന മലമടക്കുകളും ഇടുക്കിയുടെ സ്വകാര്യ അഹങ്കാരമാണ്. അടച്ചിടലിൽനിന്ന് പതിയെ തിരിച്ചുവരുന്ന ജില്ലയിലെ ടൂറിസം മേഖല സഞ്ചാരികളുടെ വരവിനായി കാത്തിരിക്കുകയാണ്. പഴയ പ്രതാപകാലം വീണ്ടെടുക്കാനായി.
മാനംമുട്ടെ ഉയർന്നുനിൽക്കുന്ന അടിമാലി പെട്ടിമുടി സഞ്ചാരികളുടെ മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. താഴ്വാരത്ത് കോടമഞ്ഞ് തളംകെട്ടി കിടക്കുന്ന കോട്ടപ്പാറയും രണ്ടാംമൈലുമെല്ലാം ഇടുക്കിയെ സുന്ദരിയാക്കുന്നു. ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളും ഹൈറേഞ്ചിലുണ്ട്. ദേശീയപാതയോരത്തെ വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ തുടങ്ങി കാടിനെയും നാടിനെയും തമ്മിൽ വേർതിരിക്കുന്ന മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടം വരെയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്.
വേനൽ കടുക്കുമ്പോഴും വറ്റിവരളാത്ത വെള്ളച്ചാട്ടങ്ങളാണ് ഇടുക്കിയിലെ ഭൂരിപക്ഷവും. ഹൈറേഞ്ചിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ആനക്കുളം. കാടിറങ്ങി വരുന്ന ആനകളെ കാത്ത് ധാരാളം സഞ്ചാരികൾ മറുകരയിൽ ഇരിപ്പുറപ്പിക്കാറുണ്ട്. കൂട്ടമായി എത്തുന്ന ആനകൾ മണിക്കൂറുകളോളം പുഴയിലും സമീപത്തും ചെലവഴിക്കും. ചൂടേറിയാൽ പകൽ സമയത്തും ആനകൾ പുഴയിലേക്ക് എത്തിത്തുടങ്ങും. കാട്ടാനകളുടെ ചന്തത്തിനപ്പുറം കാടിന്റെ വന്യതയും പച്ചവിരിച്ച ആനക്കുളത്തിന്റെ ഗ്രാമീണതയുമെല്ലാം സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാറുണ്ട്. കൂടാതെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, വാഗമൺ, തേക്കടി, രാമക്കൽമേട് തുടങ്ങിയ പ്രദേശങ്ങളെല്ലാം സജീവമാകുകയാണ്.