തിരുവനന്തപുരം > ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വിയ്യൂർ സെൻട്രൽ ജയിലിലെ വിവാദമായ ഫോൺവിളിയിൽ ജയിൽ ഉദ്യോഗസ്ഥനും ബന്ധം. കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന റഷീദ് ജയിലിൽനിന്ന് വിളിച്ചതായി ഇന്റലിജൻസ് കണ്ടെത്തിയ ഫോൺ രേഖയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പി ജി സന്തോഷിന്റെ 9645952750 എന്ന നമ്പരുമുണ്ട്. അടുത്ത ദിവസം ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
ജയിൽ സൂപ്രണ്ട് എ ജി സുരേഷിന്റെ ഓർഡർലിയായിരുന്ന റഷീദ്, സൂപ്രണ്ട് ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രിമിനൽ കേസ് പ്രതികളെയടക്കം ഫോൺ ചെയ്തത്. റഷീദുമായി വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പി ജി സന്തോഷിനെ ജയിൽ മേധാവി ഷേക് ദർവേഷ് സാഹെബ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് സ്ഥലം മാറ്റി. മുമ്പ് ജയിലിലേക്ക് മദ്യം കടത്തിയ കേസിൽ പ്രതിയായ ഉദ്യോഗസ്ഥനാണ് സന്തോഷ്.
വിയ്യൂർ ജയിലിലെ അനധികൃത ഫോൺ വിളികളെക്കുറിച്ച് രഹസ്യവിവരം കിട്ടിയതിനാൽ തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. കമീഷണർ അന്വേഷണം നടത്തിയിരുന്നു. ഫ്ളാറ്റ് കൊലക്കേസ് പ്രതിയും യൂത്ത് കോൺഗ്രസ് പുതുക്കോട് മണ്ഡലം പ്രസിഡന്റുമായിരുന്ന റഷീദ് 7510108727 എന്ന ഫോൺ നമ്പരിൽനിന്ന് ആയിരത്തിലേറെ തവണ ഫോൺ ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബന്ധുക്കൾക്ക് പുറമെ ക്രിമിനൽ കേസ് പ്രതികളെയും കോൺഗ്രസ് നേതാക്കളെയും വിളിച്ചു.
ഫോൺരേഖ (സിഡിആർ) ഉൾപ്പെടെ തൃശൂർ സിറ്റി പൊലീസ് കമീഷണർ സംസ്ഥാന പൊലീസ് മേധാവിക്ക് രഹസ്യ റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിലാണ് പി ജി സന്തോഷിന്റെ നമ്പർ കണ്ടെത്തിയത്. മറ്റ് ജയിൽ ഉദ്യോഗസ്ഥരുടെ നമ്പരും പട്ടികയിലുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ജയിൽ മേധാവി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമിനെ ചട്ടം ലംഘിച്ച് പുറം ജോലിക്ക് നിയോഗിച്ചതായും കണ്ടെത്തി.
പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന ടിറ്റുവിനെ മദ്യം കൊണ്ടുവന്നതിന് ശിക്ഷാ നടപടിയായി വിയ്യൂരിലേക്ക് മാറ്റിയതാണ്. അങ്ങനെയുള്ള തടവുകാരനെ പുറം ജോലിക്ക് (ഔട്ഗ്യാങ്) നിയോഗിക്കാൻ പടില്ല. മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട മറ്റൊരു പ്രതിയെയും പുറം ജോലിക്ക് നിയോഗിച്ചു. റഷീദിനെ ജയിലിലെ സുപ്രധാനമായ വാറണ്ട് സെക്ഷനിൽ നിയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.