തിരുവനന്തപുരം > രാജ്യത്താകെ കോവിഡ് നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചിട്ടും കൂടുതൽ ട്രെയിൻ സർവീസ് തുടങ്ങാതെ യാത്രക്കാരെ പിഴിഞ്ഞ് റെയിൽവേ. പാസഞ്ചർ ട്രെയിനുകളും ജനറൽ കോച്ചുകളും അനുവദിക്കാത്തതും സീസൺ ടിക്കറ്റ് വിതരണം ചെയ്യാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്. സർക്കാർ ഓഫീസുകളും വ്യാപാര, വ്യവസായ മേഖലയും പൂർണതോതിൽ പ്രവർത്തനമാരംഭിച്ചിട്ടും അധിക നിരക്ക് വാങ്ങി ഓടിച്ചിരുന്ന പ്രത്യേക ട്രെയിനുകളാണ് ഇപ്പോഴും സർവീസ് നടത്തുന്നത്.
യാത്രക്കാർ കൂടിയതിനാൽ പല ട്രെയിനിലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ സർവീസ് ചാർജ് നൽകണം. മെമു ട്രെയിനുകളിലും എക്സ്പ്രസ് ട്രെയിനിന്റെ നിരക്കാണ് ഈടാക്കുന്നത്. ദിവസവും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും അമിതനിരക്കും സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നു.
പാസഞ്ചർ ട്രെയിൻ ഇല്ലാത്തത് കുറഞ്ഞ ശമ്പളമുള്ളവർക്കും ഇതര ജില്ലകളിലേക്ക് പ്രതിദിനം യാത്ര ചെയ്യുന്ന തൊഴിലാളികൾക്കും തിരിച്ചടിയാണ്. ഇന്ധനവില കുത്തനെ കൂടിയതിനാൽ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കാനും കഴിയുന്നില്ല.
കൊല്ലം– -എറണാകുളം, എറണാകുളം–- കൊല്ലം, ഗുരുവായൂർ–- പുനലൂർ, ഷൊർണൂർ–- കണ്ണൂർ തുടങ്ങിയ മെമു ട്രെയിനിൽ മാത്രമാണ് നിലവിൽ റിസർവേഷനല്ലാത്ത ടിക്കറ്റുള്ളത്.