തിരുവനന്തപുരം
കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗെയിം അടക്കമുള്ള ഓൺലൈൻ ചതിക്കുഴിയിൽ കുടുങ്ങുന്ന കുട്ടികളെ രക്ഷിക്കലാകും ചുമതല. ആദ്യഘട്ടത്തിൽ മേഖലാടിസ്ഥാനത്തിലും തുടർന്ന് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജില്ലകളിൽ പൊലീസിനായി നിർമിച്ച കെട്ടിടവും മറ്റ് സൗകര്യങ്ങളും സേവനങ്ങളും ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർ കോവിഡ് വാക്സിൻ എടുത്തുവെന്ന് പൊലീസ് ഉറപ്പാക്കണം.
പൊലീസ് വരുമെന്നു പറഞ്ഞ് കുട്ടികളെ പേടിപ്പിച്ചിരുന്ന കാലം കഴിയുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും പേടിയില്ലാതെ കടന്നുചെല്ലാവുന്ന ഇടമായി പൊലീസ് സ്റ്റേഷൻ. 126 സ്റ്റേഷൻ ശിശുസൗഹൃദമായി. ഇവയിലൂടെ കുട്ടികൾക്ക് പൊലീസിന്റെ മഹത്വം മനസ്സിലാക്കാനുള്ള അവസരമുണ്ട്. ജനമൈത്രി പദ്ധതി എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിക്കാനായി. സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള പിങ്ക് പൊലീസിന് സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കാനാകുന്നു.
കോവിഡ്കാലത്ത് പൊലീസിന്റെ ജനകീയമുഖം എല്ലാവർക്കും ബോധ്യമായി. ഇത്തരം നന്മകളെ പ്രോത്സാഹിപ്പിക്കുകയും ഒറ്റപ്പെട്ട തെറ്റുകളിൽ കർക്കശ നിലപാട് സ്വീകരിക്കുന്നതുമാണ് സർക്കാർ നയം. വലിയ സേനയായതിനാൽ ചെറിയ അപാകംപോലും മൊത്തത്തിൽ ബാധിക്കും. ഇതിനെതിരെ നിതാന്ത ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.