തിരുവനന്തപുരം> ആശുപത്രിയിൽ ചികിത്സ തേടുന്നവരിൽ 52.7 ശതമാനവും വാക്സിൻ എടുക്കാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമം. കോവിഡ് ബാധിച്ച് മരിച്ചവരിൽ 57.6 ശതമാനവും വാക്സിൻ എടുക്കാത്തവരാണ്. 26.3 ശതമാനം ആദ്യ ഡോസ് എടുത്തവരും 7.9 ശതമാനം രണ്ട് ഡോസ് എടുത്തവരുമാണ്. വാക്സിൻ എടുത്തിട്ടും മരിച്ചവരിൽ ഭൂരിഭാഗവും രണ്ടോ അതിൽ കൂടുതലോ അനുബന്ധ രോഗമുള്ളവരാണ്.
ഒന്നും രണ്ടും ഉൾപ്പെടെ ഇതുവരെ മൂന്നര കോടി ഡോസ് (3,50,12,467) വാക്സിൻ നൽകി. ആദ്യ ഡോസ് വാക്സിനേഷൻ 91.62 ശതമാനവും (2,44,71,319) രണ്ടാം ഡോസ് 39.47 ശതമാനവുമാണ് (1,05,41,148). 22 ലക്ഷത്തോളം മാത്രമാണ് ഒന്നാം ഡോസ് എടുക്കാനുള്ളത്. പോസിറ്റീവായവർ മൂന്ന് മാസം കഴിഞ്ഞേ വാക്സിൻ എടുക്കേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
റീ ഇൻഫക്ഷൻ കൂടുതൽ 3 ജില്ലയിൽ
പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിലാണ് റീ ഇൻഫക്ഷൻ (ഒരിക്കൽ വന്നവരിൽ വീണ്ടും രോഗബാധ ഉണ്ടാകുന്നത്) കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കുറയുന്ന പ്രവണതയാണുള്ളത്. ഇത്തരം കേസുകൾ കഴിഞ്ഞ വർഷം ഈ വർഷത്തേക്കാൾ ആറ് മടങ്ങായിരുന്നു. ചെറുപ്പക്കാർക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നത്.
നിലവിൽ സംസ്ഥാനത്തെ ആർ ഫാക്റ്റർ (വൈറസ് പകരുന്നതിന്റെ തീവ്രത) 0.94 ആണ്. ആർ ഫാക്റ്റർ ഒന്നിലും താഴെയാകുന്നത് രോഗം കുറയുന്നതിന്റെ സൂചനയാണ്. ഏറ്റവും ഉയർന്നത് കോട്ടയത്താണ്, 1.06. എറണാകുളത്തും ഇടുക്കിയിലും ഒന്നിനു മുകളിലാണ്. വയനാട്ടിലാണ് ഏറ്റവും കുറവ്, 0.72–- മുഖ്യമന്ത്രി പറഞ്ഞു.