കൊച്ചി
‘ഹീറോ അല്ല സീറോ ആണ് എ പി അബ്ദുള്ളക്കുട്ടി’ എന്ന് ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താന. ഗുജറാത്തിൽ 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചപ്പോൾ ഇട്ട പോസ്റ്റിന് തുടർച്ചയായി വന്ന കമന്റിനായിരുന്നു ആയിഷയുടെ മറുപടി.
‘ദ്വീപിൽ അബ്ദുള്ളക്കുട്ടിയാണല്ലോ ഇപ്പോൾ ഹീറോ. താത്ത കേരളത്തിൽ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്ക് ഒന്ന് ചെല്ല്. അല്ലേൽ ഔട്ടാകും’ എന്നാണ് കൊച്ചിയിലെ ഒരു സംഘി പ്രൊഫൈലിൽനിന്നുള്ള കമന്റ്. ഇതിന് ‘ലക്ഷദ്വീപുകാർക്ക് മര്യാദ എന്നൊന്നുണ്ട്. ഹോസ്പിറ്റാലിറ്റീടെ കാര്യത്തിൽ അവരെ വെല്ലാൻ ഇന്നീ ലോകത്ത് വേറെ ആരും കാണില്ല, അവരെ ഉപദ്രവിച്ച ആളുകൾക്കുപോലും ദാഹിച്ചാൽ വെള്ളം കൊടുക്കും. അതാണ് അവരുടെ മനസ്സ്. പടച്ചോന്റെ മനസ്സാണെന്നാണ് ഞാനവരെ വിശേഷിപ്പിക്കുന്നത്.
ആ അവരുടെ മുമ്പിൽ അബ്ദുള്ളക്കുട്ടി പോയി ഞെരുങ്ങിയാൽ ഹീറോ അല്ലാ വെറും സീറോയെ ആകൂ. അവരെ തീവ്രവാദി എന്നും മയക്കുമരുന്നിന് അടിമകളെന്നും പറഞ്ഞുനടന്ന അബ്ദുള്ളക്കുട്ടിപോലും ആ പറഞ്ഞ വാക്ക് തിരിച്ചെടുക്കും. യഥാർഥ ഹീറോ ദ്വീപ് ആണ് മിസ്റ്റർ’ എന്നായിരുന്നു ആയിഷയുടെ മറുപടി.
ഗുജറാത്ത് തീരത്ത് 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചപ്പോൾ ആഹാ കൊള്ളാലോ ഗുജറാത്ത് എന്ന തലക്കെട്ടിൽ ആയിഷയിട്ട പോസ്റ്റ് ഏറെപ്പേരെ പ്രകോപിപ്പിച്ചിരുന്നു.