ഐക്യരാഷ്ട്ര കേന്ദ്രം
സമുദ്രമേഖല കൈവശപ്പെടുത്താനുള്ള നീക്കം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമുദ്രങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീവനാഡിയാണെന്നും പൊതു പൈതൃക സ്വത്താണെന്നും യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. ഇതിനെതിരായ നീക്കങ്ങള്‍ ആഗോള സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. അന്താരാഷ്ട്രതലത്തില്‍ നിയമ നിര്‍മാണം നടത്തണമെന്നും മോദി പറഞ്ഞു. ചൈനയെ ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശം. ഇന്തോ പസഫിക്കില്‍ ചൈന സ്വാധീനം ശക്തമാക്കുകയാണെന്ന അമേരിക്കന്‍ നിലപാടാണ് ഇന്ത്യയ്ക്കും.
ഭീകരവാദം തടയുന്നതിലും അഫ്ഗാന് വിഷയം കൈകാര്യം ചെയ്യുന്നതിലും ഉള്‍പ്പെടെ ഐക്യരാഷ്ട്ര സംഘടനയ്ക്ക് വീഴ്ച പറ്റിയതായും യുഎൻ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു. കോവിഡിന്റെ ഉൽപ്പത്തി കണ്ടെത്തുന്നതില്‍ യുഎന്നിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു.
ആഗോളതലത്തില്‍ തീവ്രവാദവും മൗലികവാദവും ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ, ലോകം ശാസ്ത്രീയവും യുക്തിസഹവും പുരോഗമനപരവുമായ വികസനം ലക്ഷ്യമാക്കി മുന്നോട്ട് പോകണം. ഇന്ത്യയുടെ വികസന നയങ്ങള്‍ ആഗോള പുരോഗതി ലക്ഷ്യമാക്കിയുള്ളതാണ്.
കോവിഡിനിരയായവര്ക്ക് ആദരം അർപ്പിക്കുന്നതായും മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിക്കുന്നു.
12 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം വാക്സിൻ നൽകാം. മൂക്കിലൂടെ നല്കാവുന്ന വാക്സിനും ഇന്ത്യയില്‍ വികസിപ്പിക്കുന്നു. ഇന്ത്യയിൽ വാക്സിൻ നിർമിക്കാനായി വാക്സിൻ കമ്പനികളെ അദ്ദേഹം ക്ഷണിച്ചു.ചെറുപ്പത്തില്‍ ചായവിറ്റ് നടന്ന കുട്ടി നാലാമതും ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുകയാണെന്നും 20 മിനിറ്റിൽ അധികം നീണ്ട ഹിന്ദി പ്രസംഗത്തില്‍ മോദി ഓര്‍മിപ്പിച്ചു.