ന്യൂഡൽഹി
പുതിയ സഹകരണ നയത്തിന് കേന്ദ്രസർക്കാർ രൂപം നൽകുമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയ മന്ത്രി അമിത് ഷാ. സഹകരണ വിഷയത്തിൽ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്നും പ്രഥമ ദേശീയ സഹകരണ സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികളുടെ എണ്ണം 65000ത്തിൽനിന്ന് മൂന്ന് വർഷംകൊണ്ട് മൂന്ന് ലക്ഷമാക്കും. സഹകരണ പൊതുസേവന കേന്ദ്രങ്ങൾ സ്ഥാപിക്കും. ദേശീയ ഡാറ്റാബേസ് രൂപീകരിക്കും. ദേശീയ സഹകരണ സർവകലാശാല രൂപീകരിക്കും.
സഹകരണമേഖല സംസ്ഥാന വിഷയമായതിനാൽ കേന്ദ്രം എന്തുകൊണ്ട് മന്ത്രാലയം രൂപീകരിച്ചെന്ന് ചോദ്യമുയരുന്നു. നിയമപരമായ മറുപടി എളുപ്പത്തിൽ നൽകാനാകും. എന്നാൽ, കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള തർക്കവിഷയമായി ഇതിനെ മാറ്റില്ല. 2002ൽ വാജ്പേയി സർക്കാർ സഹകരണനയം കൊണ്ടുവന്നു. ഇപ്പോൾ മോദി സർക്കാർ പുതിയ നയം കൊണ്ടുവരും. ബഹുസംസ്ഥാന സഹകരണം നിയമം ഭേദഗതി ചെയ്യും.
എല്ലാ ഗ്രാമത്തിലും കാര്‍ഷിക സൊസൈറ്റി സ്ഥാപിക്കും. പ്രാദേശിക ഭാഷയിൽ സോഫ്റ്റ്വെയർ തയ്യാറാക്കി സൊസൈറ്റികളെ ജില്ലാ സഹകരണ ബാങ്കുകളുമായും നബാർഡുമായും ബന്ധിപ്പിക്കും. സഹകരണ ബാങ്കുകൾ നികുതിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അനീതിയുണ്ടാകില്ല–- അമിത് ഷാ പറഞ്ഞു. 2100 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ആറു കോടി പേർ ഓൺലൈനിലൂടെ പങ്കാളികളായി.