തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊട്ടു മുൻപുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ എട്ട് ശതമാനം കുറവു വന്നിട്ടുണ്ട്. രോഗം ഒരു തവണ വന്നവരിൽ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്.
സെപ്റ്റംബർ 18 മുതൽ 24 വരെയുള്ള കാലയളവിൽ, ശരാശരി ആക്ടീവ് കേസുകൾ 1,70,669 ആയിരുന്നു. അതിൽ ശരാശരി രണ്ട് ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നത്. ഈ കാലയളവിൽ പുതിയ കേസുകളുടെ എണ്ണത്തിൽ ഏകദേശം 7,000 കേസുകളുടെ കുറവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളർച്ചാ നിരക്ക് മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ അഞ്ച് ശതമാനം കുറഞ്ഞു. ഒരു തവണരോഗംവന്നവരിൽ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. ഇത്തരം കേസുകളുടെ എണ്ണം കഴിഞ്ഞ വർഷം, ഈ വർഷത്തേക്കാൾ ആറ് മടങ്ങായിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിലാണ് റീഇൻഫെക്ഷൻ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ചെറുപ്പക്കാർക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നത്.
നിലവിൽ സംസ്ഥാനത്തെ ആർ ഫാക്റ്റർ 0.94 ആണ്. ആർ ഫാക്റ്റർ ഒന്നിലും കുറയുമ്പോൾ രോഗം കുറഞ്ഞു വരുന്നു എന്ന സൂചനയാണ് ലഭിക്കുക. ഏറ്റവും ഉയർന്ന ആർ ഫാക്റ്റർ കോട്ടയം ജില്ലയിലാണ്. 1.06 ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലും ആർ ഫാക്റ്റർ ഒന്നിനു മുകളിലാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 0.72 ആണ് അവിടത്തെ ആർ ഫാക്റ്റർ.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുകയാണ്. ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്ന രോഗികളിൽ 52.7% പേരും വാക്സിൻ എടുക്കാത്തവരാണ്. കോവിഡ് മരണങ്ങളിൽ 57.6 ശതമാനവും വാക്സിൻ എടുക്കാത്തവർക്കാണ് സംഭവിച്ചത്. മരിച്ചവരിൽ 26.3% പേർ ആദ്യ ഡോസ് വാക്സിൻ എടുത്തവരും, 7.9% പേർ രണ്ട് ഡോസ് വാക്സിൻ എടുത്തവരുമാണ്. വാക്സിൻ എടുത്തിട്ടും മരണമടഞ്ഞവരിൽ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതിൽ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു.
പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്സിൻ നൽകാനായി. ആദ്യ ഡോസ് വാക്സിനേഷൻ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്സിനേഷൻ 39.47 ശതമാനവുമാണ് (1,05,41,148). സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവർ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിൻ എടുക്കേണ്ടതുള്ളൂ. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് വാക്സിൻ എടുക്കാനുള്ളത്.
90 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിനേഷൻ നൽകിയതിനാൽ അതനുസരിച്ചുള്ള ഇളവുകളും സംസ്ഥാനം നൽകി വരികയാണ്. സംസ്ഥാനത്തെ വാക്സിനേഷൻ നിരക്ക് തൊണ്ണൂറു ശതമാനമെത്തിയ സാഹചര്യത്തിൽ പുറത്തിറങ്ങാനുള്ള നിബന്ധനകൾ ഇനിയും നിഷ്കർഷിക്കുന്നതിൽ സാംഗത്യമില്ല. ഒരു ഡോസ് വാക്സിനേഷനെങ്കിലും സ്വീകരിച്ചവരോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് ബാധിതരായി രണ്ടാഴ്ച്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം നേരത്തെ ഏർപ്പെടുത്തിയിരുന്നു. അത് ഒഴിവാക്കാൻ ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ച ആളുകൾക്കായി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇൻഹൗസ് ഡെനിംഗ് അനുവദിക്കും. രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തിയായിരിക്കണം ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. കഴിക്കാൻ എത്തുന്നവർക്കുള്ള വാക്സിനേഷൻ നിബന്ധന 18 വയസ്സിന് താഴെയുള്ളവർക്ക് ബാധകമല്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. എ.സി സംവിധാനങ്ങൾ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏർപ്പെടുത്തേണ്ടതാണ്.
ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവയുടെ പ്രവർത്തനവും രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി, രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ച ആളുകൾക്കായി അനുവദിക്കാവുന്നതാണ്. വാക്സിനേഷൻ നിബന്ധന 18 വയസ്സിന് താഴെയുള്ളവർക്ക് ബാധകമല്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കണം പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights:Pinarayi vijayan press meet, covid vaccination, lockdown relaxation