രാജപുരം (കാസർകോട്) > മാനവികതയെയും മനുഷ്യസ്നേഹത്തെയും ആകാശത്തോളം ഉയരെ പ്രതിഷ്ഠിക്കുകയാണ് ശിൽപയുടെ വീട്. മനോഹരമായ നിർമിതിയായല്ല, ആകാശം തൊടുന്ന മനുഷ്യപ്പറ്റിനാലാണ് ഈ വീട് പടുത്തത്. പഠിക്കുകയും പോരാട്ടം നയിക്കുകയും ചെയ്യുന്ന സഖാവിനായി എസ്എഫ്ഐയുടെ പഴയകാല സഹയാത്രികർ വിയർപ്പൊഴുക്കി പണിതതാണ് സ്നേഹവീട്. സർഗാത്മക കലാലയ രാഷ്ട്രീയത്തിന്റെ സുന്ദരമാതൃകയായി എസ്എഫ്ഐ സുവർണജൂബിലി വർഷത്തിലെ സ്നേഹവീടിനെ കാലം അടയാളപ്പെടുത്തും. കണ്ണൂർ സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി കെ വി ശിൽപയ്ക്കായി കോടോത്ത് നിർമിച്ച വീട് ശനിയാഴ്ച കൈമാറി.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് സമർപ്പണച്ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. എസ്എഫ്ഐ സുവർണജൂബിലിയുടെ ഭാഗമായി ഒരുക്കിയ വീടിന്റെ താക്കോൽ ശിൽപയുടെ കുടുംബം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനിൽനിന്ന് ഏറ്റുവാങ്ങി. കാസർകോട് ഗവ. കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ശിൽപ, എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവും ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. അമ്മയും അമ്മമ്മയും പ്ലസ്ടുവിന് പഠിക്കുന്ന സഹോദരനുമടങ്ങുന്ന കുടുംബം ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. ശിൽപയ്ക്ക് നല്ലൊരു വീട് ഇല്ലെന്നറിഞ്ഞാണ് പഴയകാല എസ്എഫ്ഐ പ്രവർത്തകർ ദൗത്യം ഏറ്റെടുത്തത്. പശുവിനെയും ആടിനെയും പോറ്റിയാണ് കുടുംബം ജീവിതം പുലർത്തുന്നത്. താമസിക്കുന്ന സ്ഥലത്ത് വീട് നിർമിക്കാനാവാത്തതിനാൽ 12 സെന്റ് സ്ഥലം കണ്ടെത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരമായ വീട് ഒരുക്കിയത്. വീട്ടുസാധനങ്ങളും കൈമാറി.
സഹപ്രവർത്തകയ്ക്ക് വീടുപണിത മാതൃക സമാനതകളില്ലാത്തതാണെന്ന് കോടിയേരി പറഞ്ഞു. ഭക്ഷണം ഇല്ലാത്തവനെ അറിയാനും സഹായിക്കാനും വിദ്യാർഥികൾക്ക് കഴിയണമെന്നും കോടിയേരി പറഞ്ഞു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ അഭിരാം അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ, സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം, ഏരിയാ സെക്രട്ടറി എം വി കൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ വി കേളു, എ പി അൻവീർ, കെ വേണുഗോപാലൻ നമ്പ്യാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആൽബിൽ മാത്യു, സച്ചിൻ ഗോപു എന്നിവർ സംസാരിച്ചു.