കേരളത്തിൽ കെ. മീര ഒന്നാമത്
തൃശ്ശൂർ: തൃശ്ശൂർ തിരൂർ പോട്ടോർ കണ്ണമാട്ടിൽ കെ. രാംദാസിന്റെയും കെ. രാധികയുടെയും മൂത്തമകളായ മീര നാലാമത്തെ ശ്രമത്തിലാണ് ആറാം റാങ്കിലെത്തിയത്.
രണ്ടാംവട്ടം ഇന്റർവ്യൂവരെ എത്തിയിരുന്നു. കഴിഞ്ഞതവണ ഒരു മാർക്കിന്റെ കുറവിൽ പ്രിലിമിനറി കാണാതെ പുറത്തായ സാഹചര്യത്തിൽനിന്നുള്ള തിളക്കമാർന്ന തിരിച്ചുവരവായിരുന്നു ഇക്കുറി മീരയെ കാത്തിരുന്നത്.
തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയശേഷം സിവിൽ സർവീസ് പരിശീലനം തുടങ്ങി. ആദ്യത്തെ രണ്ടുവർഷം വിവിധ സ്ഥാപനങ്ങളിൽനിന്നു പരിശീലനം നേടി. പിന്നീടുള്ള വർഷങ്ങളിൽ തനിയെ പഠിക്കുകയായിരുന്നു.
ഇളയസഹോദരി കെ. വൃന്ദ ബെംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറായി ജോലിചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മീരയെ ഫോണിൽവിളിച്ച് അഭിനന്ദിച്ചു. മന്ത്രി കെ. രാജൻ, 2012-ലെ സിവിൽ സർവീസ് ഒന്നാം റാങ്കുകാരിയും തൃശ്ശൂർ കളക്ടറുമായ ഹരിത വി. കുമാർ, 2014-ലെ സിവിൽ സർവീസ് രണ്ടാം റാങ്കുകാരിയും നഗരവികസനവിഭാഗം ഡയറക്ടറുമായ ഡോ. ആർ. രേണുരാജ് എന്നിവർ മീരയെ വീട്ടിലെത്തി അഭിനന്ദിച്ചു.
റവന്യൂമന്ത്രി കെ. രാജൻ, തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാർ, നഗരവികസനവിഭാഗം ഡയറക്ടർ ഡോ. ആർ. രേണുരാജ്, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. എന്നിവർ കെ. മീരയെ അഭിനന്ദിക്കാൻ വീട്ടിലെത്തിയപ്പോൾ
ആറാം റാങ്ക് എന്ന തിളങ്ങുന്ന നേട്ടം
തൃശ്ശൂർ: തൃശ്ശൂർ തിരൂർ പോട്ടോർ കണ്ണമാട്ടിൽ കെ. രാംദാസിന്റെയും കെ. രാധികയുടെയും മൂത്തമകളായ മീര നാലാമത്തെ ശ്രമത്തിലാണ് ആറാം റാങ്കിലെത്തിലെത്തിയത്.
രണ്ടാംവട്ടം ഇന്റർവ്യൂവരെ എത്തിയിരുന്നു. കഴിഞ്ഞതവണ ഒരു മാർക്കിന്റെ കുറവിൽ പ്രിലിമിനറി കാണാതെ പുറത്തായ സാഹചര്യത്തിൽനിന്നുള്ള തിളക്കമാർന്ന തിരിച്ചുവരവായിരുന്നു ഇക്കുറി മീരയെ കാത്തിരുന്നത്.
തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയശേഷം സിവിൽ സർവീസ് പരിശീലനം തുടങ്ങി. ആദ്യത്തെ രണ്ടുവർഷം വിവിധ സ്ഥാപനങ്ങളിൽനിന്നു പരിശീലനം നേടി. പിന്നീടുള്ള വർഷങ്ങളിൽ തനിയെ പഠിക്കുകയായിരുന്നു.
ഇളയസഹോദരി കെ. വൃന്ദ ബെംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറായി ജോലിചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മീരയെ ഫോണിൽവിളിച്ച് അഭിനന്ദിച്ചു. മന്ത്രി കെ. രാജൻ, 2012-ലെ സിവിൽ സർവീസ് ഒന്നാം റാങ്കുകാരിയും തൃശ്ശൂർ കളക്ടറുമായ ഹരിത വി. കുമാർ, 2014-ലെ സിവിൽ സർവീസ് രണ്ടാം റാങ്കുകാരിയും നഗരവികസനവിഭാഗം ഡയറക്ടറുമായ ഡോ. ആർ. രേണുരാജ് എന്നിവർ മീരയെ വീട്ടിലെത്തി അഭിനന്ദിച്ചു.
അന്ന് റാങ്ക് വിരുന്നുകാരിക്ക്; ഇപ്പോൾ വീട്ടുകാരിക്ക്
ജി. രാജേഷ്കുമാർ
തൃശ്ശൂർ: ഇപ്പോൾ ആറാം റാങ്ക് നേടിയ കെ. മീരയുടെ വീട്ടിലേക്ക് രണ്ടുകൊല്ലംമുമ്പ് ഒരു സിവിൽ സർവീസ് റാങ്ക് വിരുന്നുവന്നിരുന്നു. 2019-ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചപ്പോൾ 29-ാം റാങ്കുകാരിയായ ശ്രീലക്ഷ്മി, അടുത്ത കൂട്ടുകാരിയായ മീരയുടെ വീട്ടിലായിരുന്നു. ആലുവ കടുങ്ങല്ലൂർ സ്വദേശിയായ ശ്രീലക്ഷ്മി ഇപ്പോൾ മാനന്തവാടി സബ് കളക്ടറാണ്. അന്ന് ഫലപ്രഖ്യാപനദിവസം ടെൻഷൻ ഒഴിവാക്കാനാണ് ശ്രീലക്ഷ്മിയുടെ വീട്ടിൽ രണ്ടുദിവസം മുമ്പുതന്നെയെത്തിയത്.
മീര കൂട്ടുകാരി മാനന്തവാടി സബ് കളക്ടർ ശ്രീലക്ഷ്മിയോടൊപ്പം
രണ്ടുപേരും അക്കൊല്ലം ഇന്റർവ്യൂവിൽ എത്തിയിരുന്നു. ഇന്റർവ്യൂവിനുമുമ്പ് രണ്ടുപേരും അന്നത്തെ ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമയെ കണ്ട് ഉപദേശങ്ങൾ തേടിയിരുന്നു.
ഫലം വന്നപ്പോൾ മീര പട്ടികയിൽ വന്നില്ല. എന്നാൽ, ചിരിച്ച മുഖത്തോടെ ആത്മമിത്രത്തിന്റെ വിജയത്തിനൊപ്പം മീര നിന്നു. എന്നാൽ, എന്നേക്കാൾ മുന്നിലുള്ള റാങ്ക് നിന്നെ കാത്തിരിക്കുന്നുവെന്നാണ് ശ്രീലക്ഷ്മി പറഞ്ഞുകൊണ്ടിരുന്നത്. ഇത്തവണത്തെ പരീക്ഷയുടെ ഓരോഘട്ടത്തിലും ശ്രീലക്ഷ്മിയുടെ നിർദേശങ്ങൾ മീരയ്ക്ക് കിട്ടിക്കൊണ്ടിരുന്നു.
രണ്ടുദിവസംമുമ്പ് വിളിച്ചപ്പോഴും ടെൻഷൻ ആവണ്ട എന്നാണ് പറഞ്ഞത്. ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നറിഞ്ഞപ്പോൾത്തന്നെ മികച്ച റാങ്ക് മീരയ്ക്ക് പ്രതീക്ഷിച്ചിരുന്നതായി ശ്രീലക്ഷ്മി പറഞ്ഞു.
തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനത്തിനിടെയാണ് ഇരുവരും കൂട്ടുകാരായത്. ഇരുവരും ഒരേ മുറിയിലാണ് താമസിച്ചിരുന്നതും. ശ്രീലക്ഷ്മി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ബിരുദാനന്തരബിരുദം നേടിയശേഷമാണ് സിവിൽ സർവീസിലെത്തിയത്.
സ്ഥിരോത്സാഹത്തിലൂടെ കൈവരിച്ച സ്വപ്നനേട്ടം;12-ാം റാങ്കിന്റെ തിളക്കത്തിൽ മിഥുൻ പ്രേംരാജ്
വടകര: വടകര സ്വദേശി മിഥുൻ പ്രേംരാജ് സിവിൽസർവീസ് പരീക്ഷയിൽ 12-ാം റാങ്ക് എന്ന സ്വപ്നതുല്യമായ നേട്ടം കൈവരിക്കുമ്പോൾ തെളിയുന്നത് സ്ഥിരോത്സാഹത്തിന്റെ വിജയ കഥ.
2015-ൽ എം.ബി.ബി.എസ്. പൂർത്തിയാക്കിയ മിഥുൻ ഐ.എ.എസ്. എന്ന സ്വപ്നം സഫലമാക്കുന്നതിനായി കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായ പരിശ്രമത്തിൽത്തന്നെ ആയിരുന്നു. ഡോ. പ്രേം രാജിന്റെ മകനായ മിഥുൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ കോവിഡ് മെഡിക്കൽ ഓഫീസറായും കോഴിക്കോട് കോർപ്പറേഷനിൽ അസിസ്റ്റന്റ് ഹെൽത്ത് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മിഥുൻ പ്രേംരാജിന് മധുരം നൽകുന്ന അച്ഛൻ ഡോ. പ്രേംരാജും അമ്മ ബിന്ദുവും
പോണ്ടിച്ചേരി ജവാഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ റിസർച്ചിൽനിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. 2019-ൽ ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിൽ നിന്ന് പബ്ലിക് ഹെൽത്തിൽ പി.ജി. ഡിപ്ലോമയും നേടി. അമ്മ ബിന്ദു വടകര ഡി.ഡി.ആർ.സി.യിൽ മാനേജരാണ്. സഹോദരി ഡോ. അശ്വതി കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ റേഡിയോളജിസ്റ്റാണ്.
രണ്ടാമൂഴത്തിൽ മിന്നിത്തിളങ്ങി ആര്യ
ആര്യ ആർ.നായർ അച്ഛൻ രാധാകൃഷ്ണൻ നായർ, അമ്മ സുജാത, സഹോദരൻ അരവിന്ദൻ എന്നിവർക്കൊപ്പം
കൂരോപ്പട: പഞ്ചായത്തിൽ ആദ്യമായി സിവിൽ സർവീസ് വിജയം എത്തിച്ച ആര്യ ആർ. നായർക്ക് രണ്ടാം ഊഴത്തിൽമികച്ച നേട്ടം. 113-ാം റാങ്ക് നേടിയാണ് മികച്ച നേട്ടം കൈവരിച്ചത്. 2019-ൽ 301-ാം റാങ്ക് നേടിയിരുന്നു.
ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് രണ്ടാമതും സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടുന്നത്. മധ്യപ്രദേശിൽ ഇന്റലിജൻസ് ബ്യൂറോയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ആദ്യം സിവിൽ സർവീസ് പരീക്ഷ പാസായത്. കഠിനാധ്വാനവും അർപ്പണബോധവും സഹായകമായെന്ന് ആര്യ പറഞ്ഞു.
വിദ്യാഭ്യാസം മുഴുവനും കോട്ടയത്താണ് നടത്തിയത്. പ്രയത്നിച്ചാൽ ആർക്കും സിവിൽ സർവീസ് പരീക്ഷ പാസാകാനാകും. വീട്ടുകാരുടെ പ്രചോദനമാണ് വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതാൻ കാരണം. ഐ.എ.എസിനോടാണ് താത്പര്യമെന്നും ആര്യ പറഞ്ഞു.
പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ യു.പി. സ്കൂൾ വിദ്യാഭ്യാസവും കൂരോപ്പട സാന്താമരിയ സ്കൂളിൽ ഹൈസ്കൂൾ പഠനവും നടത്തി. കിടങ്ങൂർ എൻജിനീയറിങ് കോളേജിൽനിന്നു ബി.ടെക് ബിരുദവും നേടി. ആദ്യം പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. അരവിന്ദനാണ് സഹോദരൻ.
ഷഹൻഷായ്ക്ക് റാങ്ക് 142; വർഷങ്ങളുടെ പരിശ്രമഫലം
ഷഹൻഷാ
കേച്ചേരി: വർഷങ്ങൾ നീണ്ട മടുക്കാത്ത പരിശ്രമത്തിന്റെ ഫലമാണ് കേച്ചേരി തുവ്വാനൂർ കുറുപ്പംവീട്ടിൽ കെ.എസ്. ഷഹൻഷായുടെ റാങ്ക് തിളക്കം. 2016-ൽ കുറഞ്ഞുപോയ റാങ്ക് തിളക്കത്തിന്റെ മാറ്റ് കൂട്ടിനേടുകയായിരുന്നു ഇത്തവണ. 896-ാം റാങ്കാണ് 2016-ൽ കിട്ടിയത്. തുടർന്ന് മുംബൈ സെന്ററിൽ റെയിൽവേ പോലീസ് കമ്മിഷണറായി ജോലിചെയ്യുന്നു.
ഇതിനിടയിലായിരുന്നു റാങ്ക് മെച്ചപ്പെടുത്താനുള്ള പഠനം. കഴിഞ്ഞതവണ അഭിമുഖത്തിലാണ് പിന്നിലായത്. ഇതിനെല്ലാമുള്ള മധുരപ്രതികാരമായി ഇത്തവണത്തെ റാങ്ക്.
2013-ൽ തൃശ്ശൂർ എൻജിനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ ബിരുദം നേടി. അത്ലറ്റിക് താരം കൂടിയാണ്. ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. ആറുവർഷം തൃശ്ശൂർ സായിയിലും ഉണ്ടായിരുന്നു. പിതാവ് കെ.കെ. ഷാജഹാൻ അലങ്കാർ ബസ് സർവീസുകൾ നടത്തുകയാണ്. മാതാവ് റാബിയ അൻസാർ ഹൈസ്കൂളിൽ അധ്യാപികയാണ്.
കഴിഞ്ഞ ജൂലായിൽ ഡോക്ടറായ അമീന ഷെറിനെ വിവാഹം കഴിച്ചു.സഹോദരി ഷഹബാൻ സി.എം.എ.വിദ്യാർഥിയാണ്. കായിനേട്ടങ്ങൾക്ക് ഗ്രേസ് മാർക്ക് എൻജിനിയറിങ് കോളേജിലെ കായികതാരങ്ങൾക്ക് നൽകിത്തുടങ്ങിയത് ഇദ്ദേഹത്തിന്റെ കൂടി പരിശ്രമഫലമായാണ്. യൂണിവേഴ്സിറ്റിയിലെ വേഗതകൂടിയ താരമായിരുന്ന ഷഹൻഷാ ഇതിനായി അധികൃതർക്കുമുന്നിൽ നിവേദനങ്ങൾ നൽകി. ഇതു വിജയംകാണുകയും ചെയ്തു.
പഠിക്കാൻ ജോലിവേണ്ടെന്നു വെച്ചു; ഒടുവിൽ ദേവിക്കു റാങ്ക്
ദേവി കുടുംബാംഗങ്ങൾക്കൊപ്പം വിജയാഹ്ലാദം പങ്കുവെക്കുന്നു
തുറവൂർ: കിട്ടിയ ജോലി രാജിവെച്ചശേഷമാണ് സിവിൽ സർവീസ് സ്വപ്നം യാഥാർഥ്യമാക്കാൻ പഠനം തുടർന്നത്. ഒടുവിൽ ലക്ഷ്യം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ദേവിയെന്ന ഇരുപത്തിയാറുകാരി. എഴുപുന്ന വല്ലേത്തോട് ചങ്ങരം കിഴക്കേമുറിയിൽ കെ.പി. പ്രേമചന്ദ്രന്റെയും ഗീതയുടെയും മകൾ പി. ദേവിയാണ് സിവിൽ സർവീസ് പരീക്ഷയിൽ 143-ാം റാങ്ക് നേടിയത്.
ആദ്യതവണ പരീക്ഷയെഴുതിയപ്പോൾ പ്രിലിമിനറി കടന്നു. രണ്ടാംതവണ പ്രിലിമിനറിയും പ്രധാന പരീക്ഷയിലും വിജയിച്ചെങ്കിലും അഭിമുഖപരീക്ഷയിൽ മാർക്കു കുറഞ്ഞു. നിശ്ചയദാർഢ്യത്തോടെ പഠിച്ച ദേവി മൂന്നാംതവണ വിജയം കൈപ്പിടിയിലൊതുക്കി.
പട്ടണക്കാട് പബ്ലിക് സ്കൂളിൽ പഠിച്ച് പ്ലസ്ടു വിജയിച്ചതുമുതൽ സിവിൽ സർവീസ് ദേവിയുടെ സ്വപ്നമായിരുന്നു. കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിൽനിന്നു ബി.ടെക്. പൂർത്തിയാക്കി തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലിക്കു കയറി.
സിവിൽ സർവീസ് പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമെത്തിയപ്പോൾ ജോലി രാജിവെച്ചു.
ഭൂമിശാസ്ത്രം ഐച്ഛികവിഷയമായി തിരഞ്ഞെടുത്താണ് ദേവി സ്വപ്നം സാക്ഷാത്കരിച്ചത്.
ഈ റാങ്ക് പോലീസ് അച്ഛന്റെ ഓർമയ്ക്ക്
മിന്നുവിന് ഭർത്താവ് ജോഷി മധുരം നൽകുന്നു
തിരുവനന്തപുരം: ഇതുവരെ അണിഞ്ഞിട്ടില്ലെങ്കിലും പോലീസ് യൂണിഫോം എന്നും മിന്നുവിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സിവിൽ സർവീസ് പട്ടികയിൽ 150-ാം റാങ്ക് നേടിയതോടെ ആ യൂണിഫോം ബന്ധത്തിലേക്ക് കൂടുതൽ അടുക്കുകയാണ് കാര്യവട്ടം തുണ്ടത്തിൽ ജെ.ഡി.എസ്. വില്ലയിൽ പി.എം. മിന്നു. വഴുതക്കാട് പോലീസ് ആസ്ഥാനത്തെ ക്ലാർക്കാണ് മിന്നു. ഈ റാങ്ക് നേട്ടം സമർപ്പിക്കുന്നത് സർവീസിലിരിക്കെ മരിച്ച പോലീസുകാരനായ അച്ഛൻ പോൾരാജിന്റെ ഓർമകൾക്കുമുന്നിലാണ്.
ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മിന്നു 2013-ലാണ് പോലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. അച്ഛന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിരുന്നു. അച്ഛന്റെ ഓർമകളുള്ള യൂണിഫോം എന്നും സ്വപ്നമായിരുന്നു. ആ സ്വപ്നത്തിലേക്ക് എത്താനുള്ള നിരന്തര പരിശ്രമത്തിന്റെ ഉത്തരമാണ് ഇത്തവണത്തെ 150-ാം റാങ്ക്. ആറാമത്തെ പരിശ്രമമാണ് ഇക്കുറി വിജയം കണ്ടത്. റാങ്ക് 150 ആയതിനാൽ ഐ.പി.എസ്. പട്ടികയിൽ പെടുമെന്ന പ്രതീക്ഷയിലാണിവർ. ഭർത്താവ് ജോഷി ഐ.എസ്.ആർ.ഒ.യിൽ ഉദ്യോഗസ്ഥനാണ്. മകൻ: ജർമിയ ജോൺ ജോഷി.
സർക്കാർ സ്കൂളിൽ പഠിച്ച് വിജയംകൊയ്ത് രേഷ്മ
രേഷ്മ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റെയിൽവേ ഓവർബ്രിഡ്ജിനു സമീപം മിന്നാരത്തിൽ ഇനി ഒരു സിവിൽ സർവീസുകാരിയും. സിവിൽ സർവീസ് പരീക്ഷയിൽ 256-ാം റാങ്ക് നേടി തിളക്കമാർന്ന വിജയം കൈവരിച്ചിരിക്കുകയാണ് സർക്കാർ സ്കൂളിൽ പഠിച്ച എ.എൽ.രേഷ്മ.
പ്ലസ്ടു വരെ നെയ്യാറ്റിൻകര ബോയ്സ് സ്കൂളിൽ പഠിച്ച രേഷ്മ, ഇക്കുറി സിവിൽ സർവീസ് പരീക്ഷയിൽ വിജയിയായി തീർന്നിരിക്കുകയാണ്. കഴിഞ്ഞതവണ അഭിമുഖത്തിൽ നാല് മാർക്കിനു കൈവിട്ട നേട്ടമാണ് രേഷ്മയെന്ന നാട്ടുമ്പുറത്തുകാരി കൈയെത്തിപ്പിടിച്ചിരിക്കുന്നത്.
മിന്നാരം വീട്ടിൽ റിട്ട. പ്രൊഫ. ലിഡ്സൺ രാജിന്റെയും കെ.എസ്.ഇ.ബി. സീനിയർ സൂപ്രണ്ട് ഡി.അജിതയുടെയും മകളാണ് രേഷ്മ. പ്ലസ്ടുവിനു ശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലായിരുന്നു തുടർപഠനം. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും രേഷ്മ കരസ്ഥമാക്കി.
നാലു വർഷമായി സിവിൽ സർവീസ് പരീക്ഷയ്ക്കായി രേഷ്മ തയ്യാറെടുക്കുകയാണ്. രേഷ്മയെ കെ.ആൻസലൻ എം.എൽ.എ. വീട്ടിലെത്തി അഭിനന്ദിച്ചു. കാരക്കോണം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥിയായ രജത് സഹോദരനാണ്.
സൈക്കിൾ ചവിട്ടിപ്പോയി അലക്സ് എബ്രഹാം നേടി 299-ാം റാങ്ക്
അലക്സ് എബ്രഹാം
തൃശ്ശൂർ: ചേർപ്പ് സ്വദേശി അലക്സ് എബ്രഹാമിന് (28) സിവിൽ സർവീസ് പരീക്ഷയിൽ 299-ാം റാങ്ക്. പെരുമ്പിള്ളിശ്ശേരി പള്ളിപറമ്പിൽ ജോയ്സിന്റെയും ജിജിയുടെയും മകനാണ്. ഭൂമിശാസ്ത്രം ആയിരുന്നു വിഷയം. ചേർപ്പ് ലൂർദ് മാതാ, കുരിയച്ചിറ സെയ്ന്റ് ജോസഫ്, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് (സി.ഇ.ടി.) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്. തിരുവനന്തപുരം ഐലേൺ എന്ന സ്ഥാപനത്തിലായിരുന്നു സിവിൽ സർവീസ് പരിശീലനം. ഐലേണിൽതന്നെ ഇപ്പോൾ അധ്യാപകനാണ്.
പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിൽനിന്ന് സൈക്കിളിലാണ് അലക്സ് എബ്രഹാം തിരുവനന്തപുരത്തേക്ക് പോയത്. ചവിട്ടുംതോറും മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസം നൽകുന്ന സൈക്ലിങ്ങിനോട് വലിയ ഹരമുള്ള അലക്സ് പറയുന്നു, ഇനി ഐ.പി.എസ്. ആണ് ലക്ഷ്യം. അപ്പച്ചന്റെ പാതയിലെത്തണം. പുതുക്കാട് എസ്.ഐ. ആയിരുന്ന അപ്പച്ചൻ ജോയ്സിന്റെ ആഗ്രഹം കൂടിയാണ് മകൻ ഐ.പി.എസുകാരൻ ആകണമെന്നത്. 2018-ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയിരുന്നു. പക്ഷേ ഇന്റർവ്യൂവിൽ നിസ്സാര മാർക്കിനാണ് നഷ്ടപ്പെട്ടത്.
വാശിയോടെ വീണ്ടും പരീക്ഷയെഴുതിയ അലക്സിന് ഇക്കുറി നല്ലൊരു നേട്ടം കൈവരിക്കാനായി. തിരുവനന്തപുരത്ത് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം നടത്തുന്ന അതേ സ്ഥാപനത്തിൽ ഇപ്പോൾ പരിശീലകനാണ്. അപ്പച്ചൻ ജോയ്സ് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ പരിശീലകനാണ്. അമ്മ ജിജി വീട്ടിൽ കേക്ക് നിർമാണരംഗത്ത് സജീവമാണ്. അപ്പൂപ്പൻ അബ്രഹാം അമ്മാടം സ്കൂളിലെ പ്രധാനാധ്യാപകൻ ആയിരുന്നു. അലക്സ് കോളേജിൽ പഠിക്കുമ്പോൾ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ പങ്കെടുക്കാറുണ്ട്. കാമ്പസ് സെലക്ഷൻ മുഖേന ഖത്തറിൽ ജോലി ലഭിച്ചു. സിവിൽ എൻജിനീയറായി രണ്ട് വർഷം ജോലി ചെയ്തു. മടങ്ങിയെത്തിയ ശേഷം തന്റെ ആഗ്രഹസഫലീകരണത്തിനായി തിരുവനന്തപുരത്ത് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് ചേർന്നു. ചേർപ്പ് ഓൺ വീൽസ് എന്ന സൈക്ലിങ് കൂട്ടായ്മയിൽ അംഗമാണ് അലക്സ്.
പരാധീനതകളെ കീഴടക്കി അശ്വതി സിവിൽ സർവീസിലേക്ക്
സിവിൽ സർവീസസ് പരീക്ഷയിൽ വിജയിച്ചതറിഞ്ഞ് അശ്വതിക്ക് അമ്മ ശ്രീലത മധുരം നൽകുന്നു. അച്ഛൻ പ്രേംകുമാർ സമീപം
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുൻ കളക്ടർ വാസുകിയോടും ടി.വി.അനുപമയോടും തോന്നിയ ആരാധനയായിരുന്നു വലിയൊരു സ്വപ്നം കാണാൻ അശ്വതിയെ പ്രാപ്തയാക്കിയത്.
പക്ഷേ, നിർമാണത്തൊഴിലാളിയായ പ്രേംകുമാറിന്റെയും വീട്ടമ്മയായ ശ്രീലതയുടെയും മകൾക്ക് മുന്നിൽ പരാധീനതകൾ പലകുറി തടസ്സംപിടിച്ചു. എങ്കിലും മൂന്നാം പരിശ്രമത്തിൽ സിവിൽസർവീസ് റാങ്ക് പട്ടികയിൽ അശ്വതി ഇടംപിടിച്ചു. ഈ 481-ാം റാങ്കിന് അതുകൊണ്ടുതന്നെ തിളക്കം ഏറെയാണ്.
സിവിൽ സർവീസ് പരീക്ഷാഫലം വെള്ളിയാഴ്ച പുറത്തുവന്നപ്പോൾ കരിയ്ക്കകം അറപ്പുരവിളാകം ക്ഷേത്രത്തിനടുത്തുള്ള സരോവരത്തിൽ കഠിനാധ്വാനത്തിന്റെ വിജയവെട്ടം പരന്നു. അച്ഛൻ പ്രേംകുമാറിനും അമ്മ ശ്രീലതയ്ക്കുമാണ് അശ്വതി ഈ നേട്ടം സമർപ്പിക്കുന്നത്. 27 വയസ്സുകാരിയായ അശ്വതിക്ക് സിവിൽ സർവീസ് മോഹം സ്കൂൾ പഠനകാലത്തേ പിടികൂടിയിരന്നു. പിന്നീട് മികച്ച വനിതാ ഉദ്യോഗസ്ഥമാരെക്കുറിച്ച് അറിയാൻ തുടങ്ങിയതോടെ ഗൗരവമായി പഠനം ആരംഭിച്ചു.
ആദ്യ മൂന്നു തവണയും പ്രിലിംസ് പോലും ജയിച്ചുകയറാൻ അശ്വതിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ അച്ഛനും അമ്മയ്ക്കും ആശങ്കയും വിഷമവുമായി. എന്നാൽ സഹോദരൻ അരുൺ നൽകിയ പിന്തുണയാണ് അശ്വതിക്ക് കരുത്തായത്.
കരിക്കകം ഗവ. ഹൈസ്കൂളിലും കോട്ടൺഹിൽ സ്കൂളിലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ അശ്വതി എൻജിനീയറിങ് പഠിച്ചത് ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിലാണ്. 481-ാം റാങ്ക് ആയതിനാൽ തന്നെ ഐ.എ.എസ്. കിട്ടാൻ സാധ്യതയില്ല. അതിനാൽ തന്നെ ഐ.എ.എസ്. കിട്ടുംവരെ പരിശ്രമം തുടരാനാണ് അശ്വതിയുടെ തീരുമാനം.
കാഴ്ചപരിമിതിയുടെ ലോകത്തുനിന്ന് ഗോകുൽ നേടിയത് 377-ാം റാങ്ക്
ഗോകുൽ
തിരുവനന്തപുരം: എല്ലാം തികഞ്ഞ ഒരു മനുഷ്യൻ പോലും ഈ ലോകത്തില്ല, കുറവുകളുണ്ടെന്നു കരുതി ഒന്നും അസാധ്യവുമല്ല, അത്രമേൽ ആഗ്രഹിച്ച് ഒരു കാര്യത്തിനുവേണ്ടി പരിശ്രമിച്ചാൽ നിരാശപ്പെടേണ്ടിയും വരില്ല -അനുഭവങ്ങൾ പഠിപ്പിച്ച പാഠങ്ങളുടെ ഊർജമാണ് ഗോകുലിന്റെ വാക്കുകളിൽ. മുൻതവണ 804-ാം റാങ്കുകാരനായിരുന്ന ഗോകുൽ കാഴ്ചപരിമിതിയുടെ ലോകത്തിരുന്നും ഉയരങ്ങൾ താണ്ടിയപ്പോൾ 357-ാം റാങ്കിന്റെ തിളക്കത്തിലേക്കെത്തി.
പൂർണമായും കാഴ്ചശേഷിയില്ലാത്ത, കേരളത്തിൽ നിന്നുള്ള ആദ്യ സിവിൽ സർവീസ് വിജയിയെന്ന കിരീടം കഴിഞ്ഞവർഷംതന്നെ ഗോകുൽ സ്വന്തമാക്കി. എൻ.സി.സി. ഡയറക്ടറേറ്റിൽ ജീവനക്കാരനായ അച്ഛൻ സുരേഷ് കുമാറും കോട്ടൺഹിൽ സ്കൂളിൽ അധ്യാപികയായ അമ്മ ശോഭയുമാണ് വഴികളിലെല്ലാം വിളക്കായത്.
പഠനത്തിൽ സ്കൂൾതലംമുതലേ മുന്നിലായിരുന്നു ഗോകുൽ. പ്രസംഗ, സംവാദ വേദികളിൽ നേടിയത് ഒട്ടേറെ സമ്മാനങ്ങൾ. കേരള സർവകലാശാലയിലെ പഠനകാലത്തൊക്കെ ചുറ്റുമുള്ളവരെ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളാണ് സ്വന്തമാക്കിയതും. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിന് മൂന്നാംറാങ്കും ബിരുദാനന്തര ബിരുദത്തിന് ഒന്നാംറാങ്കും ഗോകുലിനായിരുന്നു. ഇപ്പോൾ കേരള സർവകലാശാലയിൽ ഗവേഷകവിദ്യാർഥിയാണ്.
റാങ്ക് മെച്ചപ്പെടുത്തി ഐ.പി.എസുകാരി
ശ്വേത
ചാലക്കുടി: കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 461-ാം റാങ്ക് കരസ്ഥമാക്കി ഐ.പി.എസ്. ട്രെയിനിങ് പൂർത്തിയാക്കുന്ന ചാലക്കുടി സ്വദേശിനി ശ്വേതാ സുഗതന് ഇത്തവണ സിവിൽ സർവീസ് പരീക്ഷയിൽ 458-ാം റാങ്ക്. കഴിഞ്ഞതവണ ഐ.എഫ്.എസ്. (ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ) അഖിലേന്ത്യാതലത്തിൽ 34-ാം റാങ്കുണ്ടായിരുന്നു. സംസ്ഥാനത്ത് ഒന്നാം റാങ്കായിരുന്നു. എങ്കിലും ഐ.പി.എസ്. തിരഞ്ഞെടുത്ത് സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി ഹൈദരാബാദ് സെന്ററിൽ പരിശീലനത്തിലാണ്. നവംബറിൽ പരിശീലനം കഴിയും.
ഐ.എ.എസ്. ലക്ഷ്യമിട്ടാണ് ശ്വേത ഇത്തവണയും പരീക്ഷയെഴുതിയത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ബി.ടെക്കിൽ ഒന്നാംറാങ്ക് നേടിയിരുന്നു. ചാലക്കുടി പോസ്റ്റ് ഓഫീസിൽ ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റർ ഐ.ക്യു. റോഡിൽ കാമറ്റത്തിൽ കെ.എസ്. സുഗതന്റെയും എൽ.ഐ.സി. ഉദ്യോഗസ്ഥ ബിന്ദു സുഗതന്റെയും മകളാണ്. സഹോദരിമാർ: ശ്രേയ, ശ്രദ്ധ.