ന്യൂഡൽഹി
ഏഴ് വർഷത്തെ മോദിഭരണം രാജ്യത്തെ അരക്ഷിതാവസ്ഥയിൽ എത്തിച്ചുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി ചേരുന്ന സിപിഐ എം ഡൽഹി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുടെ ജന്മദിനത്തിൽ രണ്ട് കോടി ഡോസ് വാക്സിൻ നൽകിയെന്നാണ് പറയുന്നത്. മറ്റു ദിവസങ്ങളിൽ വാക്സിന്റെ എണ്ണം കുറയുന്നത് എന്തുകൊണ്ട്? മോദി അമേരിക്കയിൽ പോയി വൻകിട മുതലാളിമാരുമായി ചർച്ച നടത്തിയാല് നിക്ഷേപം വരില്ല. ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ട പ്രകാരം സൗജന്യങ്ങൾ നൽകിയിട്ടും ഫോർഡ് കമ്പനി ഇന്ത്യ വിടുകയാണ്.
സഹകരണമേഖലയ്ക്കുനേരെയാണ് മോദി സർക്കാരിന്റെ പുതിയ ആക്രമണം. ചെങ്കൊടി ഉയർത്തിയുള്ള പോരാട്ടങ്ങൾ വഴി മാത്രമേ ജനങ്ങളെ ദുരിതത്തിൽനിന്ന് രക്ഷിക്കാൻ കഴിയൂ–- യെച്ചൂരി പറഞ്ഞു. അംബേദ്കർ ഭവനിൽ ഉദ്ഘാടന ചടങ്ങിൽ പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി കെ എം തിവാരി എന്നിവർ സംസാരിച്ചു. സേബ ഫാറൂഖി അധ്യക്ഷയായി. 26 വരെ സമ്മേളനം തുടരും.
പിഎം കെയേഴ്സിന്റെ മറവിൽ കൊള്ള
പിഎം കെയേഴ്സ് ഫണ്ടിന്റെ മറവിൽ വൻതട്ടിപ്പും കൊള്ളയുമാണ് നടക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. സർക്കാർ ഫണ്ടല്ല, സ്വകാര്യ ട്രസ്റ്റാണ് പിഎം കെയേഴ്സ് എന്ന് കേന്ദ്രം പറയുന്നു. എന്നാൽ, എംപിമാരുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് പിഎം കെയേഴ്സിലേക്ക് വകമാറ്റി. എംപിമാരുടെ ശമ്പളം സ്വകാര്യ ട്രസ്റ്റിലേക്ക് എങ്ങനെ വാങ്ങും? കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ അടക്കം ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിഎം കെയേഴ്സിലേക്ക് സ്വീകരിച്ചു.
കേന്ദ്രസർക്കാരാണ് ഫണ്ട് തുടങ്ങിയത്. വെബ്സൈറ്റിലും അങ്ങനെ പറയുന്നു. ഈ വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യെച്ചൂരി പറഞ്ഞു.
പിഎം കെയേഴ്സിൽ സർക്കാർ നിയന്ത്രണമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.