കൊച്ചി
സുഹൃത്തിനെ സഹായിക്കാൻ സ്വന്തം കരൾ പകുത്തുനൽകിയ രഞ്ജുവിന് ലഭിച്ചത് കടലോളം ദുരിതം. ഗുരുതര രോഗത്താൽ വളഞ്ഞുപോയ കൈകൾ നേരെയാക്കാൻ അടിയന്തര ശസ്ത്രക്രിയക്ക് 10 ലക്ഷം രൂപ സമാഹരിക്കാൻ പാടുപെടുകയാണ് രഞ്ജുവിന്റെ കുടുംബം.
സുഹൃത്തിന്റെ അച്ഛനുവേണ്ടിയാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജു (42) കരൾ പകുത്തുനൽകിയത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞതോടെ പക്ഷാഘാതം (സ്പൈനൽ സ്ട്രോക്ക്) സംഭവിച്ച് കിടപ്പിലായി. ഒരു വർഷത്തിലധികമായി ചികിത്സയിലാണ്. ഇതിനകം 15 ലക്ഷത്തോളം രൂപ ചെലവായി.
ബഹ്റൈനിൽ ജോലിയുണ്ടായിരുന്ന രഞ്ജു ലീവിന് നാട്ടിൽ എത്തിയപ്പോഴാണ് അച്ഛന് കരൾരോഗമാണെന്നും ഒരാഴ്ചയ്ക്കകം ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അപകടമാണെന്നും സുഹൃത്ത് പറഞ്ഞത്. രക്തഗ്രൂപ്പ് യോജിക്കുന്നതിനാൽ സഹായിക്കണമെന്ന് അപേക്ഷിച്ചതോടെ രഞ്ജു സമ്മതിച്ചു. ശസ്ത്രക്രിയ കഴിഞ്ഞതോടെ ജീവിതം കിടക്കയിലായി. ആദ്യത്തെ ആശുപത്രിബിൽ സുഹൃത്ത് അടച്ചു. പിന്നീട് ഫോൺപോലും എടുക്കാതായി. വീടന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നമ്പർ ബ്ലോക്ക് ചെയ്തതായും മനസ്സിലാക്കി.
ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലാണ് നിലവിൽ ചികിത്സ. 10 ലക്ഷം രൂപ ചെലവുള്ള അസ്ഥിമാറ്റ ശസ്ത്രക്രിയ ഉടൻ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സയുടെ ഭാഗമായി ഇടപ്പള്ളി മാമംഗലത്ത് വാടകവീട്ടിൽ കഴിയുകയാണ് രഞ്ജു. സഹോദരിമാരായ രശ്മിയും രജിയുമാണ് കൂട്ടിന്. രഞ്ജുവിനെ സഹായിക്കാൻ ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ ശാഖയിലാണ് അക്കൗണ്ട്.
അക്കൗണ്ട് നമ്പർ: 0114053000109508 ഐഎഫ്എസ്സി: SIBL0000114 ഫോൺ: 70121 89860