തിരുവനന്തപുരം
അഴീക്കൽ, ബേപ്പൂർ, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ കപ്പൽ സർവീസ് വിഴിഞ്ഞം മൈനർ പോർട്ടിലേക്ക് നീട്ടുന്നത് പരിഗണനയിലാണെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള മാരിടൈം ബോർഡിന്റെയുൾപ്പെടെ സഹകരണത്തോടെ അഴീക്കൽ, ബേപ്പൂർ, കൊല്ലം തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കിവരികയാണ്. അഴീക്കലിൽ 3000 കോടി രൂപ മുതൽമുടക്കിൽ ചെറുകിട തുറമുഖം സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. അടുത്തവർഷം മധ്യത്തോടെ തുറമുഖത്തിന് തറക്കല്ലിടാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ സംസ്ഥാനത്തിന്റെ തീരപ്രദേശവും ചരക്കുനീക്കത്തിന്റെ കേന്ദ്രമായി മാറും. രാജ്യാന്തര തുറമുഖങ്ങളുമായുള്ള സഹകരണത്തിനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാരിടൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക്സ് രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ എം ക്ലാറ്റിന്റെ ഉദ്ഘാടനവും മാരിടൈം ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം ക്ലാറ്റ് സെക്രട്ടറി അഡ്വ. കെ ജെ തോമസ് കല്ലമ്പള്ളി രചിച്ച ‘ദി എക്സിം ട്രേഡ്, മാരിടൈം ലോ ആൻഡ് ബ്ലൂ ഇക്കോണമി’, ‘സിഎച്ച്എസിബിഎൽആർ ഗൈഡ്’ എന്നീ പുസ്തകങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങിൽ എം വിൻസന്റ് എംഎൽഎ അധ്യക്ഷനായി.