കോഴിക്കോട്
കെപിസിസി നേതൃത്വവുമായി ഒത്തുപോകാനാകാതെ ഏഴുമാസത്തിനിടെ രാജിവച്ചത് 11 കോൺഗ്രസ് നേതാക്കൾ. ഇടതുപക്ഷത്തേക്കാണ് നേതാക്കളെത്തിയത്. അഞ്ച് നേതാക്കൾകൂടി ഉടൻ കോൺഗ്രസ് വിടുമെന്ന് രാജിവച്ചവർ പറയുന്നു. രാജിക്കൊരുങ്ങുന്നവരെ പ്രലോഭനങ്ങളാൽ പിടിച്ചുനിർത്താനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്.
കെപിസിസി ജനറൽ സെക്രട്ടറി രതികുമാറാണ് അവസാനം രാജിവച്ചത്.
എഐസിസി മുൻ വക്താവ് പി സി ചാക്കോ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ലതിക സുഭാഷ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി എം സുരേഷ്ബാബു, കെ സി റോസക്കുട്ടി, കെപിസിസി സെക്രട്ടറിയായിരുന്ന എം എസ് വിശ്വനാഥൻ, ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ എന്നിവർ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് കോൺഗ്രസ് വിട്ടത്. ഡിസിസി പുനഃസംഘടനയെ തുടർന്നുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാലക്കാട്ടെ മുതിർന്ന നേതാവ് എ വി ഗോപിനാഥ്, നെടുമങ്ങാട് മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത്, കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ, രതികുമാർ എന്നിവർ കോൺഗ്രസ് വിട്ടത്.