മെൽബൺ
ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയൻ വനിതകൾ സ്വന്തമാക്കി. നാടകീയമായ രണ്ടാമത്തെ മത്സരം അഞ്ച് വിക്കറ്റിന് ജയിച്ചതോടെ പരമ്പര 2–0 ആയി. അവസാനമത്സരം നാളെ നടക്കും. സ്കോർ: ഇന്ത്യ 7–274, ഓസീസ് 5–275.
133 പന്തിൽ 125 റണ്ണടിച്ച് പുറത്താകാതെനിന്ന ഓപ്പണർ ബെത്ത് മൂണിയാണ് കളിയിലെ താരം. മൂർച്ചയില്ലാത്ത ബൗളിങ്ങും ചോരുന്ന ഫീൽഡിങ്ങുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ജുലാൻ ഗോസ്വാമിയുടെ അവസാന ഓവറിൽ ഓസീസിന് ജയിക്കാൻ 13 റൺ വേണ്ടിയിരുന്നു. അവസാന പന്തിൽ മൂന്ന് റൺ വേണമെന്നിരിക്കെ 39 റണ്ണെടുത്ത നിക്കോളാ കാരിയെ പിടികൂടിയെങ്കിലും നോ ബോളായി. അധികം ലഭിച്ച പന്തിൽ ഓസീസ് രണ്ട് റൺ നേടി കളി ജയിച്ചു.
അമ്പത്തിരണ്ടു റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ കരകയറ്റാൻ മൂണിക്കൊപ്പം തഹ്ലിയ മക്ഗ്രാത്തും (74) ഉണ്ടായിരുന്നു. ഇന്ത്യക്കായി ഓപ്പണർ സ്മൃതി മന്ദാന 86 റണ്ണെടുത്തു.