തിരുവനന്തപുരം > മത തീവ്രവാദ സംഘടനകളുടെ കെണിയിൽനിന്ന് ബോധവൽക്കരണത്തിലൂടെ കേരള പൊലീസ് ഇതുവരെ രക്ഷിച്ചത് 550 യുവാക്കളെ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വത്തിലുള്ള ‘ഡീ റാഡിക്കലൈസേഷൻ’ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും യുവാക്കളെ തീവ്രവാദ ആശയങ്ങളിൽനിന്ന് മോചിപ്പിച്ചത്.
വാട്സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷിച്ച് തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരായ യുവാക്കളെ കണ്ടെത്തി ബോധവൽക്കരിക്കുകയായിരുന്നു. ഇതിനായി എസ്എസ്ബി ആസ്ഥാനത്ത് ഇന്റേണൽ സെക്യൂരിറ്റി വിഭാഗത്തിലെ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക ഇന്റലിജൻസ് സംഘംതന്നെയുണ്ട്.
കെണിയിൽപ്പെട്ട യുവാക്കളിൽ കൂടുതലും കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണ്. വീടുകളിലെത്തി രഹസ്യമായാണ് ബോധവൽക്കരണം. മതപരമായി അറിവുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. മോചിക്കപ്പെട്ടവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുന്നു.
2018ലാണ് കേരള പൊലീസ് ‘ഡീ റാഡിക്കലൈസേഷൻ’ പദ്ധതി ആരംഭിച്ചത്. ഐഎസിലേക്ക് കണ്ണൂരിൽ നിന്നടക്കം ഏതാനും യുവാക്കൾ പോയ സമയമായിരുന്നത്. ഇതിന് നേതൃത്വം നൽകിയവർ കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് കണ്ടെത്തി. ഇതോടെയാണ് ‘ഡീ റാഡിക്കലൈസേഷൻ’ പദ്ധതി ആരംഭിച്ചത്.
2018ൽ ആരംഭിച്ച കൗണ്ടർ റാഡിക്കലൈസേഷനിലൂടെ 1,60,000 യുവാക്കൾക്ക് ബോധവൽക്കരണം നൽകിയതായാണ് ഇന്റലിജൻസ് കണക്ക്. കോവിഡ് കാലത്ത് നിലച്ച പ്രവർത്തനം പുനരാരംഭിക്കാൻ ഇന്റലിജൻസ് എഡിജിപി ടി കെ വിനോദ്കുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്.