ഷാർജ
ക്യാപ്റ്റൻ വിരാട് കോഹ്ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് ബാംഗ്ലൂരിന്റെ ബാറ്റിങ് റോയലാക്കി. ഐപിഎൽ ക്രിക്കറ്റിൽ ചെന്നെെ സൂപ്പർ കിങ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റണ്ണെടുത്തു. 50 പന്തിൽ 70 റണ്ണെടുത്ത ദേവ്ദത്താണ് ഉയർന്ന സ്കോറുകാരൻ. മൂന്ന് സിക്സറും അഞ്ച് ഫോറും അകമ്പടിയായി. കോഹ്ലി 41 പന്തിൽ 53 റൺ നേടി. പിന്നീടെത്തിയവർക്കൊന്നും സ്കോർ ഉയർത്താനായില്ല. മികച്ച ബൗളിങ്ങും ഫീൽഡിങ്ങുമായി ചെന്നെെ വരിഞ്ഞുമുറുക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ബാംഗ്ലൂരിന് ഓപ്പണർമാരായ കോഹ്ലിയും ദേവ്ദത്തും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാംവിക്കറ്റിൽ 13.2 ഓവർ ബാറ്റ് ചെയ്ത് 111 റണ്ണെടുത്തു. ബാക്കി 6.4 ഓവറിൽ കിട്ടിയത് 45 റൺ. ബ്രാവോയുടെ പന്തിൽ രവീന്ദ്ര ജഡേജ പിടിച്ച് ക്യാപ്റ്റൻ മടങ്ങി. അതിനിടെ ആറ് ഫോറും ഒരു സിക്സറും അടിച്ചു.
ദേവ്ദത്തിന് പിന്തുണ നൽകാൻ എ ബി ഡിവില്ലിയേഴ്സിന് (12) സാധിച്ചില്ല. തൊട്ടടുത്ത പന്തുകളിൽ ഡിവില്ലിയേഴ്സിനെയും ദേവ്ദത്തിനെയും മടക്കി ശർദുൾ താക്കൂർ ബാംഗ്ലൂരിന്റെ റണ്ണൊഴുക്ക് തടഞ്ഞു. മാക്സ്വെലും (11), ടിം ഡേവിഡും (1) ഹർഷൽ പട്ടേലും (3) വേഗം മടങ്ങി. ഡ്വെയ്ൻ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി.