കൊച്ചി: കൊച്ചി നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുക, കേർപറേഷനെ മാലിന്യമുക്തമാക്കുക എന്നീ കർമപരിപാടികളുടെ ഭാഗമായി നഗരത്തിലെ തോടുകൾ മാലിന്യവിമുക്തമാക്കി നവീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരത്തിലെ പ്രധാനപ്പെട്ട 30 തോടുകളിലെ മാലിന്യം നീക്കാനും നവീകരിക്കാനുമുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത് പദ്ധതിയുടെ ഭാഗമായി പണ്ടാരച്ചിറ തോടിന്റെ സാന്തോം കോളനി പരിസരത്ത് മേയർ അഡ്വ എം. അനിൽകുമാർ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു. ജനപങ്കാളിത്തത്തോടെ തോടുകൾ ശുചിയാക്കി കൊച്ചിയെ വെള്ളക്കട്ടിൽ നിന്ന് മുക്തമാക്കുകയാണ് വേണ്ടത്. നവീകരിച്ച തോടുകളിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചാൽ കർശന നടപടികൾ സ്വീകരിക്കും. തോട് അനധികൃതമായി കൈയേറുന്നവർക്കെതിരെയും നടപടിയുണ്ടാകും. കൂടാതെ കോർപ്പറേഷന്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകളും ബോർഡുകളും പ്രദേശങ്ങളിൽ സ്ഥാപിക്കുമെന്നും മേയർ പറഞ്ഞു. നഗരത്തിലെ പ്രധാനപ്പെട്ട 30 തോടുകളിലെ മാലിന്യം നീക്കാനും നവീകരിക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ജലസേചന വകുപ്പും കൊച്ചി കോർപ്പറേഷനും സംയുക്തമായി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പശ്ചിമകൊച്ചിയിലെ പ്രധാന തോടുകളായ പണ്ടാരച്ചിറ തോട്, പഷ്ണി തോട്, ഐലന്റ് തോട്, പള്ളിച്ചാൽ തോട് , അത്തിപ്പൊഴി തോട്, വാത്തുരുത്തി തോട് എന്നിവയിലെ പ്രവൃത്തികളാണ് ആരംഭിച്ചത്. മാലിന്യം നിക്ഷേപിക്കുന്ന കനാലുകളെ സംബന്ധിച്ച് ജലസേചന വകുപ്പ് നേരത്തെ റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കേണ്ട പ്രവൃത്തികൾ തയാറാക്കിയത്. കോർപ്പറേഷനെ മാലിന്യവിമുക്തമാക്കുന്ന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നവീകരിച്ച തോടുകളിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചിരുന്നു. കേരള ഇറിഗേഷൻ ആന്റ് വാട്ടർ കൺസർവേഷൻ ആക്ട് പ്രകാരമായിരിക്കും നടപടികൾ സ്വീകരിക്കുക. തോട് അനധികൃതമായി കൈയേറുന്നവർക്കെതിരെയും നടപടിയുണ്ടാകും. Content Highlights:Solution for waste and flooding Rehabilitation work of streams in Kochi city has started