തിരുവനന്തപുരം: കെ.പി.സി.സി. പുനഃസംഘടനയിൽ ഭാരവാഹികളുടെ പട്ടികയിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പേരുകൾ നിർദേശിച്ച് ഗ്രൂപ്പ് നേതാക്കൾ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. കെ.ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇടഞ്ഞുനിൽക്കുന്ന എ.വി. ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നേതൃത്വത്തിന്റെ നീക്കമുണ്ട്.
ഡിസിസി പുനഃസംഘടനയിലെ തർക്കം, കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ വരാതിരിക്കാൻ പൊതുമാനദണ്ഡം വെച്ച് ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം ചർച്ച നടത്തിയ ശേഷമാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തിയ ശേഷം അവരുടെ താൽപര്യം സംസ്ഥാന നേതൃത്വം ചോദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എ, ഐ ഗ്രൂപ്പുകൾ 51 അംഗങ്ങൾ വരുന്ന കെ.പി.സി.സി. ഭാരവാഹികളുടെ പട്ടികയിലേക്ക് നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്.
അഞ്ച് വർഷം പിന്നിട്ടിവരേയും എംഎൽഎ, എംപി സ്ഥാനങ്ങൾ വഹിക്കുന്നവരേയും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. അതിനാൽ തന്നെ 16 അംഗ ജനറൽ സെക്രട്ടറിമാരിൽ പരമാവധി ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. എ.എ. ഷുക്കൂർ, വി.എസ്.ശിവകുമാർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കളെ ഐ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നു. ആര്യാടൻ ഷൗക്കത്ത്, സോണി സെബാസ്റ്റിയൻ, കെ.ശിവദാസൻ നായർ, അബ്ദുൾ മുത്തലിബ്, വർക്കല കഹാർ തുടങ്ങിയ നേതാക്കളെ എ ഗ്രൂപ്പും നിർദേശിച്ചിട്ടുണ്ട്.
പി.എം. നിയാസ്, വി.ടി. ബൽറാം, പഴകുളം മധു തുടങ്ങിയവരെ ഗ്രൂപ്പിന്അതീതമായി നേതൃത്വം പിന്തുണയ്ക്കുന്നു. അയജ് തറയിൽ, ബി.സുഗതൻ, എ.വി. ഗോപിനാഥ് തുടങ്ങിയവർക്ക് വേണ്ടി കെ.പി.സി.സി പ്രസിഡന്റ് തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. നിയമസഭാ പരാജയത്തേക്കുറിച്ച് പഠിച്ച കെ.പി.സി.സിയുടെ അഞ്ച് മേഖലാ സമതികളുടെ റിപ്പോർട്ടിൽ വിമർശനം നേരിട്ടവരെ ഒഴിവാക്കാൻ പൊതുധാരണയായി. അതേ സമയം മുൻ ജില്ലാ അധ്യക്ഷ സ്ഥാനം വഹിച്ചവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തും. ഈ ആഴ്ച അവസാനത്തോടെ പേരുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.
Content Highlights: Congress A and Igroup, KPCCleadership,K. Sivadasan Nair