ന്യൂഡൽഹി > വ്യോമസേനയുടെ അവ്രോ‐748 ചരക്ക് വിമാനങ്ങൾക്ക് പകരം എയർബസ് സി‐295 എംഡബ്ല്യു വിമാനങ്ങൾ വാങ്ങാൻ 20,000 കോടിയുടെ കരാറിൽ ഇന്ത്യ ഒപ്പുവെച്ചു. സ്പെയിൻ എയർബസ് ഡിഫൻസ് ആൻഡ് സ്പേസിൽ നിന്നാണ് 56 സി‐295 എംഡബ്ല്യു വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്. 48 മാസത്തിനുള്ളിൽ 16 വിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കും.
സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ 10 വർഷം കൊണ്ട് ബാക്കി 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും. ടാറ്റ കൺസോർഷ്യമാണ് വിമാനങ്ങൾ നിർമിക്കുക. അഞ്ച് മുതൽ പത്ത് ടൺ വരെ ഭാരം വഹിക്കാൻ സി‐295 എംഡബ്ല്യു വിമാനങ്ങൾക്ക് കഴിയും. സൈനികരേയും ചരക്കുകളും പാരാഡ്രോപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും വിമാനത്തിലുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സേനയ്ക്ക് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്തിന് പറന്നുയരുന്നതിനും ഇറങ്ങുന്നതിനും എയർസ്ട്രിപ്പുകൾ മതിയാകും.
എയർ ബസിനെയും പ്രതിരോധ മന്ത്രാലയത്തെയും ടാറ്റ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡിനെയും ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ അഭിനന്ദിച്ചു.