തിരുവനന്തപുരം
നർക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ വ്യക്തമായ നിലപാട് സ്വീകരിക്കാനാകാതെ യുഡിഎഫ്. വ്യാഴാഴ്ച തലസ്ഥാനത്ത് നടന്ന യുഡിഎഫ് ഉന്നതാധികാര സമിതി ഇക്കാര്യം ചർച്ച ചെയ്തെങ്കിലും യോജിച്ച നിലപാട് സ്വീകരിച്ചില്ല. ഘടക കക്ഷികളായ മുസ്ലിംലീഗും കേരള കോൺഗ്രസ് പാർടികളും വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണിത്.
ബിഷപ്പിന്റെ പ്രസ്താവനയിൽ യുഡിഎഫ് നിലപാട് ഉന്നതാധികാര സമിതി യോഗത്തിനുശേഷം പറയാമെന്ന് കൺവീനർ എം എം ഹസ്സൻ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, വാർത്താസമ്മേളനത്തിൽ ആവർത്തിച്ച് ചോദിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എം എം ഹസ്സനും കൃത്യമായ മറുപടി പറഞ്ഞില്ല. സർവകക്ഷി യോഗം സർക്കാർ വിളിച്ചില്ലെങ്കിൽ തങ്ങൾ വിളിക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് യുഡിഎഫ് പിൻമാറി. നർക്കോട്ടിക് ജിഹാദ് പരാമർശം ബിഷപ് തിരുത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയിലും നിലപാട് പറഞ്ഞില്ല.
തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനാണ് യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേർന്നത്. ശേഷം പാലാ ബിഷപ്പിന്റെ പ്രസ്താവന ചർച്ചയ്ക്കെടുത്തു. മുസ്ലിംലീഗും കേരള കോൺഗ്രസും രണ്ട് നിലപാടെടുത്തു. ബുധനാഴ്ച കോഴിക്കോട് ചേർന്ന മുസ്ലിം സംഘടനകളുടെ യോഗം ബിഷപ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത ലീഗ് നേതാക്കളായ സാദിഖലി തങ്ങൾ, കെ പി എ മജീദ്, പി എം എ സലാം, എം കെ മുനീർ എന്നിവർ യുഡിഎഫ് യോഗത്തിലും പങ്കെടുത്തു. എന്നാൽ, ഇവിടെ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചെന്നാണ് വിവരം.
നല്ല പ്രതിപക്ഷമാകാൻ സാധിക്കാത്തതാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ഒരു കാരണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. പ്രതിപക്ഷ റോൾ ശരിയാക്കണം. ക്രിസ്ത്യൻ വിഭാഗത്തെ കൂടെ നിർത്താൻ യുഡിഎഫിന് ആയില്ല. ജസ്റ്റിസ് കോശി കമീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചാൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.