ന്യൂഡൽഹി
കോവിഡിനിരയായവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കെന്ന കേന്ദ്ര നിലപാടിന് എതിരെ പ്രതിഷേധമുയരുന്നു.. കേന്ദ്രനിലപാട് ശരിയല്ലെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ സഹമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായ ഗോവിന്ദ്സിങ് ദോതാസ്ര പറഞ്ഞു.
‘ കൊടുങ്കാറ്റും പ്രളയവുംപോലെയുള്ള ദുരന്തങ്ങൾക്ക് കേന്ദ്രഫണ്ടിൽനിന്ന് സഹായം നൽകാറുണ്ട്. അതുപോലെ, കോവിഡ് മരണങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. സംസ്ഥാനങ്ങളോട് അത് ചെയ്യണമെന്ന് നിർദേശിച്ച് കൈയുംകെട്ടി ഇരിക്കുന്നത് ശരിയല്ല’–- ഗോവിന്ദ്സിങ് ചൂണ്ടിക്കാട്ടി.
സാമ്പത്തികസഹായം നൽകുന്നതിനുള്ള ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രത്തിന് ഒഴിയാനാകില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ‘തലയൂരൽ’ നിലപാടിന് എതിരെ കൂടുതൽ സംസ്ഥാനങ്ങൾ വരുംദിവസങ്ങളിൽ രംഗത്ത് എത്തിയേക്കും.
പിഎം കെയേഴ്സിലൂടെ ശതകോടികൾ സമാഹരിച്ച കേന്ദ്രസർക്കാർ എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. സൗജന്യ വാക്സിൻ നൽകേണ്ട ഉത്തരവാദിത്വത്തിൽനിന്ന് തലയൂരാനും കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിലാണ് ആ നീക്കം പാളി.
കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹത ഇല്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യ നിലപാട്. അർഹതയുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ നിലപാട് തിരുത്തേണ്ടിവന്നു.