വാഷിങ്ടൺ
കോവിഡ് പ്രതിസന്ധിയിലും ലോകത്തെ ഏറ്റവും ധനികരായ 25 കുടുംബം കഴിഞ്ഞ വർഷം സമ്പാദിച്ചത് 31,200 കോടി ഡോളർ (22.99 ലക്ഷം കോടി രൂപ). ഇതോടെ ഇവരുടെ ആകെ ആസ്തി 1,70,000 കോടി ഡോളറായി. മുൻ വർഷത്തേക്കാൾ 22 ശതമാനം വർധന.
തുടർച്ചയായ നാലാം വർഷവും വാൾമാർട്ട് ഇന്റർനാഷണൽ ഉടമ വാൽട്ടൺ കുടുംബംതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ധനിക കുടുംബം. 23,820 കോടി ഡോളറാണ് ആസ്തി. ഫെബ്രുവരിക്കുശേഷം 600 കോടി ഡോളറിന്റെ സ്റ്റോക്ക് വിറ്റെങ്കിലും കുടുംബത്തിന്റെ ആസ്തി ഒരു വർഷത്തനുള്ളിൽ 2300 കോടി ഡോളർ വർധിച്ചു. റഫേൽ വിമാന നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ദസോയും ന്യൂയോർക്കിലെ ലോഡേഴ്സും പട്ടികയിൽ പുതുതായി ഇടംപിടിച്ചു. സാംസങ് കമ്പനി ഉടമകളായ ലീ കുടുംബം പട്ടികയിൽനിന്ന് പുറത്തായി.