തിരുവനന്തപുരം
സ്റ്റാർട്ടപ്പുകൾക്കായി ഗൂഗിൾ നടത്തുന്ന ഇൻഡി ഗെയിംസ് ആക്സിലറേറ്റർ പരിപാടിയിലേക്ക് കേരള സ്റ്റാർട്ടപ് മിഷനു കീഴിലുള്ള കൊകോ ഗെയിംസിനെ തെരഞ്ഞെടുത്തു. ആഗോളതലത്തിൽ നടത്തുന്ന പരിപാടിയിൽ ഇന്ത്യയിൽനിന്ന് തെരഞ്ഞെടുത്ത രണ്ട് സ്റ്റാർട്ടപ്പിൽ ഒന്നാണ് കൊകോ.
നാലു മാസത്തെ പരിപാടിയിൽ ഗൂഗിളിന്റെ വിദഗ്ധരുമായി ആശയവിനിമയത്തിനും വിദഗ്ധോപദേശം തേടാനും ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യാനും അവസരമുണ്ടാകും. ഉൽപ്പന്നം പ്രദർശിപ്പിക്കാനും നിക്ഷേപം ആകർഷിക്കാനും കഴിയും.
മുഹമ്മദ് അബൂബക്കർ, അജ്മൽ ജമാൽ, പി കപിൽ എന്നിവരാണ് കൊകോ ഗെയിംസ് ആരംഭിച്ചത്. മുഹമ്മദ് അബൂബക്കർ ആരംഭിച്ച ആദ്യ കമ്പനി 2015ൽ ഫ്രഷ് വർക്സ് ഏറ്റെടുത്തിരുന്നു. 2019ൽ ആരംഭിച്ച കൊകോ ഗെയിംസ് അഞ്ച് ഗെയിമാണ് പുറത്തിറക്കിയത്. ഒരു കോടി ആളുകൾ കളിക്കുന്നു. വാർട്രൂപ്സ് 1917 എന്ന ഗെയിമിന് 1,40,000 റിവ്യൂ ഉണ്ട്. കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലെ ടെക്നോളജി ഇന്നൊവേഷൻ സോണിലാണ് കമ്പനി പ്രവർത്തിക്കുന്നത്. 74 കോടി രൂപയാണ് വാർഷികവരുമാനം.