കോഴിക്കോട്
കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പന ശാലകൾവഴി ഇനി ഓൺലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാം. ആദ്യഘട്ടമായി തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗർ, കോഴിക്കോട് മിനി ബൈപാസ് എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓൺലൈൻ ബുക്കിങ്ങിന് സൗകര്യം.
വെള്ളിയാഴ്ച മുതൽ സൗകര്യം ലഭ്യമാവും. മറ്റ് ഷോപ്പുകളിൽ ഒരാഴ്ചക്കകം സംവിധാനം പ്രാവർത്തികമാകും. ഉപഭോക്താക്കൾക്ക് ആവശ്യമായ മദ്യം ഓൺലൈനിലൂടെ പണമടച്ച് ബുക്ക് ചെയ്യാം. ആദ്യഇടപാടിന് പേര് നൽകിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. മൊബൈൽ നമ്പർ നൽകിയാൽ ലഭിക്കുന്ന സുരക്ഷാ കോഡ് നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. 23 വയസ്സ് പൂർത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.
fl.Consumerfed.in എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. പണമിടപാട് നടത്തി ബുക്ക് ചെയ്താൽ മൊബൈലിലേക്ക് ഒടിപി നമ്പർ ലഭിക്കും. ഈ നമ്പർ കാണിച്ച് മദ്യഷോപ്പിന്റെ പ്രവർത്തന സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും മദ്യം വാങ്ങാം. മദ്യം പാക്ക് ചെയ്ത് റെഡിയാണെന്നും പ്രസ്തുത മദ്യഷോപ്പിൽനിന്ന് വാങ്ങിക്കണമെന്നുമുള്ള സന്ദേശം ഉപഭോക്താവിന് ലഭിക്കും.