ന്യൂഡൽഹി
രാഹുലിനും പ്രിയങ്കയ്ക്കും അനുഭവസമ്പത്തില്ലെന്നും ഉപദേശകർ അവരെ വഴിതെറ്റിക്കുകയാണെന്നും തുറന്നടിച്ച് പഞ്ചാബ് മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. സിദ്ദുവാണ് നയിക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസ് രണ്ടക്കം കാണില്ല. സിദ്ദുവിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പൊരുതും. സിദ്ദുവിനെ തോൽപ്പിക്കാൻ ശക്തനായ സ്ഥാനാർഥിയെ നിർത്തും. മുന്നിൽ ഇപ്പോഴും വഴികൾ പലതുണ്ട്–- അമരീന്ദർ ദേശീയ മാധ്യമത്തോട് പറഞ്ഞു.
കോൺഗ്രസിനെ ജയിപ്പിച്ചശേഷം ഒഴിയാമെന്ന് സോണിയയോട് പറഞ്ഞിരുന്നു. അനുവദിച്ചില്ല. എംഎൽഎമാരെ ഗോവയ്ക്കും മറ്റും കടത്തുന്നത് തന്റെ രീതിയല്ല. രാഹുലിനും പ്രിയങ്കയ്ക്കും അതറിയാം. അവർ തനിക്ക് തന്റെ കുട്ടികളെപ്പോലെയാണ്. ഇപ്പോൾ തീരുമാനങ്ങൾ ഡൽഹിയിൽ നിന്നാണ്. വേണുഗോപാലും അജയ് മാക്കനുമൊക്കെയാണ് ആര് നല്ലതെന്ന് തീരുമാനിക്കുന്നത്. പഞ്ചാബിനെക്കുറിച്ച് അവർക്ക് എന്തറിയാം. സിദ്ദു സൂപ്പർ സിഎം ആയി പ്രവർത്തിച്ചാൽ കോണ്ഗ്രസുണ്ടാകില്ല. തോൽവിയോടെ രാഷ്ട്രീയം വിടില്ല. അത് തീർച്ച–- അമരീന്ദർ പറഞ്ഞു.