അലഹബാദ്
ദുരൂഹ സാഹചര്യത്തിൽ മരിച്ച അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതദേഹം സംസ്കരിച്ചു. ഭഗാംബരിമഠത്തിലെ നാരക മരത്തിനടിയിൽ “ഭൂ സമാധി’ ഇരുത്തുകയായിരുന്നു. അഞ്ച് ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് സീൽചെയ്ത കവറിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് കൈമാറി.
മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യുപി പൊലീസ് 18 അംഗ അന്വേഷക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ ഒരുശിഷ്യൻകൂടി അറസ്റ്റിലായി. ആദ്യ തിവാരിയാണ് പിടിയിലായത്. ആനന്ദ് ഗിരി എന്ന ശിഷ്യൻ തിങ്കളാഴ്ച രാത്രിതന്നെ പിടിയിലായിരുന്നു. ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഒരു പെൺകുട്ടിക്കൊപ്പമുള്ള ചിത്രംകാട്ടി ആനന്ദ്ഗിരി ഭീഷണിപ്പെടുത്തിയതായി നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടെന്നാണ് റിപ്പോർട്ട്. സെൽഫോസ് വിഷം ഇദ്ദേഹം ഓർഡർ ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു ആവശ്യപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കും മുമ്പ് ആത്മഹത്യയാണുണ്ടായതെന്ന് പ്രഖ്യാപിച്ചത് ദുരൂഹമാണെന്നും ലല്ലു പറഞ്ഞു.