ന്യൂഡൽഹി> പെഗാസസ് ഫോൺചോർത്തൽ അന്വേഷിക്കാൻ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി.
സുപ്രീംകോടതി സ്വന്തം നിലയിൽ വിദഗ്ധ സമിതി രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പല വിദഗ്ധരേയും സമീപിച്ചിരുന്നു. ചിലർ വ്യക്തിപരമായി ബുദ്ധിമുട്ട് അറിയിച്ചതിനാലാണ് സമിതി രൂപീകരണം വൈകിയതെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് നടപടി സ്വീകരിക്കുന്നത്.
ഇസ്രയേൽ ചാരസോഫ്റ്റ്വെയർ പെഗാസസ് വിഷയത്തിൽ ഉരുണ്ടുകളിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ സുപ്രീംകോടതി നേരത്തെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം നൽകാത്ത സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഇടക്കാല ഉത്തരവിറക്കുമെന്നും അറിയിച്ചിരുന്നു.
പെഗാസസ് ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തകരായ ശശികുമാർ, എൻ റാം, ജോൺ ബ്രിട്ടാസ് എം പി, മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിങ് തുടങ്ങിയവരാണ് ഹർജി നൽകിയിട്ടുള്ളത്