ന്യൂയോര്ക്ക്
യുഎൻ പൊതുസഭാ സമ്മേളനത്തിൽ സംസാരിക്കാന് പ്രതിനിധിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന് വിദേശമന്ത്രി അമീര് ഖാന് മുത്തഖി യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടറസിന് കത്ത് നല്കി. ഖത്തര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വക്താവ് സുഹൈല് ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎന് അംബാസഡറായി നിയമിച്ചു. മുന് സര്ക്കാര് നിയമിച്ച ഗുലാം ഇസാക്സായിക്ക് ഇനി രാജ്യത്തെ പ്രതിനിധാനംചെയ്യാനാകില്ലെന്നും കത്തില് വ്യക്തമാക്കി.
തീരുമാനമെടുക്കാൻ കത്ത് യുഎസ്, ചൈന, റഷ്യ എന്നിവയടക്കമുള്ള രാജ്യങ്ങള് ഉള്പ്പെട്ട ക്രെഡന്ഷ്യല് കമ്മിറ്റിക്കു കൈമാറിയെന്ന് ഗുട്ടറസിന്റെ വക്താവ് ഫര്ഹാന് ഹഖ് പറഞ്ഞു. സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് കമ്മിറ്റി ചേരാന് സാധ്യതയില്ലാത്തതിനാല് താലിബാന് പങ്കെടുക്കാന് കഴിഞ്ഞേക്കില്ല. ചട്ടപ്രകാരം, കമ്മിറ്റി തീരുമാനമെടുക്കുംവരെ ഇസാക്സായി അഫ്ഗാൻ പ്രതിനിധിയായി തുടരും. 27-ന് അദ്ദേഹം സംസാരിക്കും.
അതിനിടെ താലിബാനുമായി ചര്ച്ച നടത്താന് രാജ്യാന്തര സമൂഹം തയ്യാറാകണമെന്നും ബഹിഷ്കരണം കൂടുതല് പ്രതിസന്ധികളിലേക്ക് മാത്രമേ നയിക്കൂ എന്നും ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്താനി പൊതുസഭയില് പറഞ്ഞു.