പന്ത്രണ്ട് വർഷം കുട്ടികൾക്ക് മതപഠനം നൽകുന്നുണ്ടെങ്കിലും അവരിൽ ശേഷിക്കുന്നത് എന്തൊക്കെയാണെന്ന് സഭ ആത്മപരിശോധന നടത്തണമെന്നും സത്യദീപം മുഖപ്രസംഗത്തിൽ പറയുന്നു. സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ‘അവർ ആദ്യം പറയട്ടെ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം ‘സാധ്യമാക്കുന്ന’ അഭിനവ അധ്യയനരീതികള്‍ മതബോധനമല്ല, മതബോധ നിരാസം തന്നെയെന്ന് മനസ്സിലാക്കണം. നമ്മുടെ യുവതീയുവാക്കള്‍ പ്രണയക്കുരുക്കില്‍ക്കുടുങ്ങി നഷ്ടെപ്പടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമായതുകൊണ്ടാകാമെന്ന തിരിച്ചറിവില്‍ തിരികെ നടത്തണം. എന്തുകൊണ്ട് ക്രിസ്തു അവര്‍ക്ക് ലഹരിയാകുന്നില്ല എന്ന് നാം സ്വയം ചോദിക്കണം. വി. കുര്‍ബാനയെക്കുറിച്ച് പഠിപ്പിച്ചു, കുര്‍ബാനായാകാന്‍ മറന്നു; സഭയെപ്പറ്റി പഠിപ്പിച്ചു, സഭാ സംരക്ഷണം ക്രിസ്തീയമാകണമെന്നു പറയാന്‍ മറന്നു. 12 വര്‍ഷത്തെ വിശ്വാസ പരിശീലനത്തിനൊടുവില്‍ അവരില്‍ ശേഷിക്കുന്നതെന്ത് എന്നതിനെപ്പറ്റി ആത്മപരിശോധന വേണം.”
‘ലവ് ജിഹാദിന്റെ’ വിവിധ ഘട്ടങ്ങൾ എന്ന പേരിൽ താമരശേരി രൂപത വിദ്യാർത്ഥികൾക്കായി കൈപ്പുസ്തകം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് സത്യദീപം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
“പ്രകടനപരതയുടെ കെട്ടുകാഴ്ചകളില്‍നിന്ന് ഇനിയെങ്കിലും നമ്മുടെ മതബോധന വേദികളെ നാം വിമോചിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ വാര്‍പ്പു മാതൃകകളെ അതേപടി അനുകരിക്കേണ്ടതുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. വിശ്വാസം ബോധ്യമായും, ദൈവം അനുഭവമായും മാറുന്ന വിധത്തില്‍ അധ്യയന രീതികളില്‍ മാറ്റം വരുത്തണം.” ലേഖനത്തിൽ പറയുന്നു.