വാഷിങ്ടണ്
ക്വാഡ് ഉച്ചകോടിയിലും യുഎൻ സമ്മേളനത്തിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. -25 വരെയാണ് സന്ദര്ശനം. അമേരിക്കന് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും പ്രധാന അമേരിക്കൻ ടെക് കമ്പനികളുടെ സിഇഒമാരുമായും കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതും അഫ്ഗാനിസ്ഥാൻ വിഷയത്തിലും ബൈഡനും മോദിയും ചർച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. 24നാണ് യുഎസ്, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടി. ചൈനയെ നേരിടുന്നതായിരിക്കും ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
25ന് ന്യൂയോര്ക്കില് യുഎൻ പൊതുസഭയുടെ 76––ാമത് സമ്മേളനത്തിലെ പൊതു ചർച്ചയിൽ മോദി സംസാരിക്കും. ബൈഡൻ ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര കോവിഡ് ഉച്ചകോടിയിൽ മോദി പങ്കെടുത്തു. സുരക്ഷാകാരണങ്ങളാൽ അഫ്ഗാൻ വ്യോമപാതയ്ക്ക് പകരം പാക് വ്യോമപാതയിലൂടെയാണ് പ്രധാനമന്ത്രി പോയത്. 2019 സെപ്തംബറിലാണ് മോദി ഒടുവിൽ അമേരിക്ക സന്ദർശിച്ചത്. അന്ന് പരസ്യമായി മോദി ട്രംപിന് വോട്ട് ചോദിച്ചത് വിവാദമായിരുന്നു.