ന്യൂയോര്ക്ക്
രാജ്യങ്ങള് തമ്മിലുള്ള പ്രശ്നങ്ങള് സമത്വത്തിലും പരസ്പര ബഹുമാനത്തിലും ഊന്നല് നല്കിയുള്ള ചര്ച്ചയിലൂടെയും സഹകരണത്തിലൂടെയും പരിഹരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ് പറഞ്ഞു. യുഎന് പൊതുസഭയുടെ 76––ാമത് സമ്മേളനത്തില് മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമുട്ടലുകള് ഒഴിവാക്കണം. സമാധാനം, വികസനം, സമത്വം, നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ മാനവികമൂല്യങ്ങള് സംരക്ഷിക്കപ്പെടണം. സ്വന്തം പുരോഗതിമാത്രം ലക്ഷ്യംവച്ചുള്ള ചെറു കൂട്ടായ്മകള്ക്കു പകരം ആഗോള പുരോഗതിക്കുള്ള വിശാല സമീപനങ്ങള്ക്ക് രാജ്യങ്ങള് തയ്യാറാകണം. ഒരു രാജ്യത്തിന്റെ വിജയം മറ്റൊരു രാജ്യത്തിന്റെ പരാജയത്തിനുവേണ്ടി ആകരുതെന്നും ഷി അഭ്യര്ഥിച്ചു.
സാർവത്രിക സുരക്ഷ, വികസനനേട്ടങ്ങൾ പങ്കിടൽ തുടങ്ങിയവയ്ക്കായുള്ള രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങള് യുഎൻ ഏകോപിപ്പിക്കണമെന്നും ബഹുസ്വരത ഉയര്ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈന ലോക സമാധാനത്തിന്റെ വക്താക്കളാണെന്നും ആഗോള വികസനത്തിന് സംഭാവന നൽകുന്നതായും ഷി പറഞ്ഞു. കോവിഡ് -മഹാമാരിയുടെ ഉത്തരവാദിത്വവും ചൈനയ്ക്കുമേല് കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയ കുതന്ത്രങ്ങളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
എതിരാളികള്ക്കെതിരായ യുഎസിന്റെ പുതിയ യുദ്ധതന്ത്രമാണ് ഉപരോധങ്ങളെന്ന് സമ്മേളനത്തില് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി വിമര്ശിച്ചു. കോവിഡ്–- -19 പ്രതിസന്ധിക്കിടെപോലും അയവില്ലാത്ത ഉപരോധങ്ങള് മനുഷ്യത്വരഹിതമാണ്. അമേരിക്കയ്ക്കുള്ളിൽ വളരുന്ന രാഷ്ട്രീയ ഭിന്നത സംബന്ധിച്ചും റൈസി തന്റെ ആദ്യ യുഎന് സമ്മേളനത്തില് പ്രതികരിച്ചു.
ലോകത്ത് കോവിഡ് വാക്സിന് പ്രതിസന്ധി രൂക്ഷമാകുമ്പോള് സമ്പന്നരാജ്യങ്ങള് പൂഴ്ത്തിവയ്പ് നടത്തുകയാണെന്ന് ഫിലിപ്പീന്സ് പ്രസിഡന്റ് കുറ്റപ്പെടുത്തി. കൊറിയകള്ക്കിടയില് സമാധാനം പുനഃസ്ഥാപിക്കുന്നതിനും അനുരഞ്ജനത്തിനും ഇടപെടല് ഉണ്ടാകണമെന്ന് ദക്ഷിണ കൊറിയന് പ്രസിഡന്റ് മൂണ് ജെ ഇന് ലോകരാജ്യങ്ങളോട് അഭ്യര്ഥിച്ചു.