തിരുവനന്തപുരം
പ്രതികളെ വഴിവിട്ടു സഹായിച്ചുവെന്ന കണ്ടെത്തലിനെതുടർന്ന് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. ഉത്തര മേഖലാ ജയിൽ ഡിഐജിയുടെ റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ സസ്പെൻഡ് ചെയ്തേക്കും.
ഡിഐജി വിനോദ് കുമാർ ജയിൽ മേധാവി ഷേക് ദർവേഷ് സാഹിബിന് റിപ്പോർട്ട് കൈമാറി. സുരേഷിനെ സസ്പെൻഡ് ചെയ്യണമെന്നും ജയിൽ വകുപ്പിന് പുറത്ത്നിന്നുള്ള ഏജൻസിക്ക് അന്വേഷണചുമതല നൽകണമെന്നും ശുപാർശയുണ്ട്. സൂപ്രണ്ടും റഷീദും തമ്മിലുള്ള ബന്ധം ശരിവയ്ക്കുന്ന മൊഴി ജയിൽ ഉദ്യോഗസ്ഥരും തടവുകാരും നൽകിയിട്ടുണ്ട്. റഷീദിൽനിന്ന് മൊബൈൽ പിടികൂടിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിച്ചു. സർക്കാർ വിരുദ്ധപ്രവർത്തനം നടത്തി എന്നി കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.
വിയ്യൂർ സെൻട്രൽ ജയിലിൽ റഷീദ് നിരവധി തവണ അനധികൃതമായി മൊബൈൽ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് ജയിൽ ഡിഐജിയെ ചുമതലപ്പെടുത്തിയത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് തൃശൂർ എസ്പിക്കാണ് അന്വേഷണ ചുമതല. ജയിൽ സൂപ്രണ്ടിനെതിരായ കണ്ടെത്തലും ഈ സംഘം അന്വേഷിക്കാനാണ് സാധ്യത.
സൂപ്രണ്ടും റഷീദും തന്നെ ഇല്ലാതാക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയതായി തടവുകാരനായിരുന്ന കൊടി സുനിയും മൊഴി നൽകിയിരുന്നു. സുരേഷ് നേരത്തെ നാല് തവണ സസ്പെൻഷനിലായിട്ടുണ്ട്.