തൃശൂർ/പാലക്കാട്
ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കായി കച്ചേരികളിൽ താളലയം തീർത്ത പ്രശസ്ത മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി(90) അന്തരിച്ചു. കോവിഡ് ബാധിച്ച് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. മകൾ പാർവതിയോടൊപ്പം പാലക്കാട്ടായിരുന്നു താമസം.
ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിൽ പരമേശ്വരൻ നമ്പൂതിരിയുടേയും പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ച പരമേശ്വരൻ മണക്കുളത്ത് സരോജിനി നേത്യാരമ്മയുടെ ശിക്ഷണത്തിൽ സംഗീതമഭ്യസിച്ചു. മൃദംഗ വിദ്വാന്മാരായ എരനെല്ലൂർ നാരായണപ്പിഷാരടി, മൂത്തിരിങ്ങോട് നാരായണൻ നമ്പൂതിരിപ്പാട്, പാലക്കാട് അപ്പു അയ്യർ എന്നിവരുടെ കീഴിൽ മൃദംഗം അഭ്യസിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സംഗീതക്കച്ചേരികളിൽ 20 വർഷത്തോളം മൃദംഗം വായിച്ചു.
ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സത്തിന് തുടക്കംകുറിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും നിർണായകപങ്കുവഹിച്ചു. ഗുരുവായൂരിൽ പഞ്ചരത്ന കീർത്തനാലാപനം തുടങ്ങുന്നതിനും നേതൃത്വം നൽകി. ആകാശവാണി ജീവനക്കാരനായിരുന്നു. ആകാശവാണിയിൽ ആദ്യമായി ചെമ്പൈ സംഗീതോത്സവം തൽസമയം സംപ്രേഷണം ചെയ്തതിൽ മുഖ്യ പങ്കുവഹിച്ചു.
പരേതയായ നന്ദിനിയാണ് ഭാര്യ. മകൻ ബാബു പരമേശ്വരൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാണ്. ഇപ്പോൾ അമേരിക്കയിൽ. മകൾ: ഡോ. പാർവതി (പാലക്കാട് ശ്രീകൃഷ്ണപുരം വിടിബി കോളേജ് അസി. പ്രൊഫസർ). മരുമക്കൾ: ഇന്ദുമതി (യുഎസ്), രവി നാരായണൻ.