കഞ്ചിക്കോട്
കാട്ടാനക്കൂട്ടം കാടു കയറിയെങ്കിലും കഞ്ചിക്കോട്ടെ മലയോരജനതയുടെ ഭീതി അകലുന്നില്ല. കഞ്ചിക്കോട് മുക്രോണി വഴി ഐഐടി ക്യാമ്പസ്വരെ എത്തിയ കാട്ടാനക്കൂട്ടം ഉൾക്കാട്ടിലേക്ക് കയറിയതായി വനംവകുപ്പ് അറിയിച്ചു. ആനകളുടെ കാൽപ്പാദം മണ്ണിൽ പതിഞ്ഞത് പരിശോധിച്ചാണ് വനംവകുപ്പിന്റെ സ്ഥിരീകരണം. എന്നാൽ മദപ്പാടുള്ള ചുരുളിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം ഉള്ളതിനാൽ ഏത്നിമിഷവും ഇവ തിരിച്ചിറങ്ങുമെന്ന ഭീതിയിലാണ് ജനങ്ങൾ. നാല് കുട്ടിയാന ഉൾപ്പെടെ 17 കാട്ടാനയാണ് തിങ്കളാഴ്ച പുലർച്ചെ കഞ്ചിക്കോട് ഐഐടി ക്യാമ്പസിലെത്തിയത്. ആദ്യമായാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങുന്നത്. ചുറ്റുമതിലും അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഷെഡും തകർത്ത കാട്ടാനക്കൂട്ടം 30 ഏക്കറിലേറെ നെൽകൃഷിയും നശിപ്പിച്ചു.
മൂന്നരമാസമായി ഈ കാട്ടാനക്കൂട്ടം ആയ്യപ്പൻമലയിലുണ്ട്. വാളയാർ റേഞ്ച് ഓഫീസർ പി സുരേഷ്, പുതുശേരി സൗത്ത് സെക്ഷൻ ഓഫീസർ കൃഷ്ണൻകുട്ടി എന്നിവരാണ് ചൊവ്വാഴ്ച കാട്ടാനകളുടെ സഞ്ചാരപാത പരിശോധിച്ചത്. പ്രദേശത്ത് കൂടുതൽ വനംവാച്ചർമാരെ നിയമിക്കുമെന്നും വനയോരമേഖലയിലേക്ക് ജനങ്ങൾ വരുന്നത് ഒഴിവാക്കണമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.
ഹാങ്ങിങ് ഫെൻസിങ് ഒരുക്കും
കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ നൂതന ഹാങ്ങിംഗ് ഫെൻസിങുമായി വാളയാർ റേഞ്ച് വനം വകുപ്പ്. സോളാർ വൈദ്യുതി ഫെൻസിങ്ങിനൊപ്പം റേഞ്ചിനു കീഴിലെ വിവിധ സെക്ഷനുകളിലായാണു ഏഴര കിലോമീറ്റർ ഫെൻസിങ് ഒരുക്കുക. സാധാരണ ഫെൻസിങുകൾ ആന നശിപ്പിക്കുന്നത് പതിവായതോടെയാണു തൂങ്ങിക്കിടക്കുന്ന വൈദ്യുതി കമ്പികൾ ഉപയോഗിച്ചുള്ള ഹാങ്ങിങ് ഫെൻസിങ് ഒരുക്കുന്നത്. പ്രത്യേക രീതിയിൽ വൈദ്യുതി കമ്പികൾ തൂങ്ങിക്കിടക്കുന്നതിനാൽ ആനകൾക്ക് ഇത് തകർക്കാനോ അകത്തേക്ക് പ്രവേശിക്കാനോ സാധിക്കില്ലെന്ന് വനം വകുപ്പ് പറയുന്നു. നിലവിൽ കഞ്ചിക്കോട് 51 ക്വാറി മുതൽ വാളയാർ വട്ടപ്പാറ വരെയുള്ള പ്രദേശത്ത് നിശ്ചിത ഇടവേളകളിലായാണ് ഫെൻസിങ് ഒരുക്കുകയെന്നും ഇതിനായുള്ള നിർദേശം കൈമാറിയെന്നും അനുമതി ലഭിച്ചാൽ ടെൻഡർ നടപടിയിലേക്ക് കടക്കുമെന്നും വനം വകുപ്പ് പറഞ്ഞു.