റോം
താന്‍ മരിക്കണമെന്ന് ചിലര്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 12ന് ബ്രാറ്റിസ്ലാവയില് ക്രൈസ്തവ സന്ന്യാസ സമൂഹമായ ജെസ്യൂട്ടുകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍, സുഖവിവരം അന്വേഷിച്ച പുരോഹിതന് മറുപടി നല്‍കവെയാണ് തമാശപോലെ മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ജെസ്യൂട്ട് ജേണല്‍ ലാ സിവില്‍റ്റ കാതോലിക്കയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
കുടല് ശസ്ത്രക്രിയക്ക് വിധേയനായ തന്റെ അവസ്ഥ ഗുരുതരമാണെന്നും താന്‍ മരിക്കുമെന്നും കരുതിയ സഭാ അധികാരികള്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാൻ യോഗം ചേര്‍ന്നിട്ടുണ്ടാകുമെന്നും പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിനായി അവര്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പ രാജിവയ്ക്കുകയാണെന്ന തരത്തില്‍ ചില ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. മുതലാളിത്തത്തിനെതിരായ വിമർശങ്ങളും കുടിയേറ്റ നിലപാടുകളുംകൊണ്ട് സഭയിലെ യാഥാസ്ഥിതികര്‍ മാര്‍പാപ്പയെ എതിര്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരായ വിമര്‍ശമായിരുന്നു മാര്‍പാപ്പയുടെ മറുപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.