ഐക്യരാഷ്ട്ര കേന്ദ്രം
ചരിത്രത്തിലെ ഏറ്റവും നിർണായക ഘട്ടത്തിലാണ് ലോകമെന്നും കോവിഡ്–- കാലാവസ്ഥാ–- മനുഷ്യാവകാശ പ്രശ്നങ്ങൾ നേരിടുന്നതിൽ യോജിച്ച് പ്രവർത്തിക്കണമെന്നും ലോകരാജ്യങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മറ്റ് രാജ്യങ്ങളുമായി ശീതയുദ്ധത്തിനില്ലെന്നും ബൈഡൻ യുഎൻ പൊതുസഭയിൽ പറഞ്ഞു.
വ്യക്തമായ ജയസാധ്യതയുള്ള സൈനിക ദൗത്യങ്ങളേ അമേരിക്ക ഭാവിയിൽ ഏറ്റെടുക്കൂ. കോവിഡ് വാക്സിൻ വിതരണം, ചൈനയ്ക്കെതിരായ നീക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സഖ്യരാജ്യങ്ങളിൽനിന്നുപോലും എതിർപ്പ് നേരിടുന്നതിനിടയിലാണ് പൊതുസഭയിൽ ബൈഡന്റെ കന്നി പ്രസംഗം. കാലാവസ്ഥാ പ്രശ്നം മുതൽ ആരോഗ്യ സുരക്ഷയും പുത്തൻ സാങ്കേതികവിദ്യയുമടക്കമുള്ള വിഷയങ്ങളിൽ ക്വാഡ് സഖ്യരാഷ്ട്രങ്ങളുമായി യോജിച്ച് പ്രവർത്തിക്കും. ഇന്തോ പസഫിക് മേഖലയിലുൾപ്പെടെ ശ്രദ്ധയൂന്നാനുള്ള തീരുമാനത്തിൽ സഖ്യ രാജ്യങ്ങളുമായും യുഎന്നുമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും ബൈഡൻ പറഞ്ഞു.
ലോകം മുമ്പൊരിക്കലും ഇത്രയും വലിയ ഭീഷണിയും വിഭജനവും നേരിട്ടിട്ടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ലോകം വലിയ ഗർത്തത്തിന്റെ വക്കിലാണെന്നും തെറ്റായ ദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ്–- കാലാവസ്ഥാ–- അഫ്ഗാൻ പ്രശ്നങ്ങൾ പരാമർശിച്ചായിരുന്നു പ്രസംഗം. ലോകസമാധാനത്തിനുള്ള ശ്രമങ്ങൾ ചില രാജ്യങ്ങൾ തടസ്സപ്പെടുത്തുന്നതായും അദ്ദേഹം വിമർശിച്ചു.