കോട്ടയം
ശബരിമല വിമാനത്താവളം അനുമതിയുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ഉന്നയിച്ച തടസങ്ങൾ അന്തിമമല്ല. ഡിജിസിഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സർക്കാർ. ടേബിൾടോപ്പ് റൺവേ വേണ്ടിവരുമെന്ന ഡിജിസിഎ നിലപാട് ശരിയല്ലെന്ന് മറുപടി നൽകും. വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് കുന്നിൻപുറമോ വിശാലമായ താഴ്വരയോ ഉള്ള പ്രദേശമല്ല. ചെറിയ മൊട്ടക്കുന്നുകളുണ്ടെങ്കിലും അവ നിരത്തി സമതല രൂപത്തിലാക്കാൻ കഴിയും. സ്ഥലം സന്ദർശിക്കുന്ന ആർക്കും ഇക്കാര്യം ബോധ്യപ്പെടുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വ്യക്തമാക്കി. കാര്യമായ ജനവാസമില്ലാത്തതിനാൽ ചെറുവള്ളി എസ്റ്റേറ്റിന് ഗ്രാമം എന്ന സാങ്കേതികത്വം നിലനിൽക്കില്ല. പ്രദേശവാസികളെല്ലാം വിമാനത്താവളം വരുന്നതിനെ അനുകൂലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയിലെ എരുമേലി, മണിമല വില്ലേജുകളിൽപ്പെട്ട ചെറുവള്ളി എസ്റ്റേറ്റിലെ 2263.8 ഏക്കർ ഭൂമി വിമാനത്താവളത്തിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് കണ്ടെത്തിയത്. ഭൂമി ഉടമസ്ഥത സംബന്ധിച്ച് ഹാരിസൺ മലയാളം ലിമിറ്റഡും ബിലീവേഴ്സ് ചർച്ചും(അയനാ ചാരിറ്റബിൾ ട്രസ്റ്റ് ) അവകാശവാദം ഉന്നയിച്ചുള്ള തർക്കം കോടതിയിലുണ്ടെങ്കിലും സർക്കാർ പ്രത്യേക ഓഫീസറെ നിയോഗിച്ച് വസ്തു നിയമപ്രകാരം ഏറ്റെടുക്കൽ നടപടി തുടങ്ങിയിട്ടുണ്ട്.
മറ്റൊരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിയിൽ പുതിയ വിമാനത്താവളം പാടില്ലെന്ന നിബന്ധന പരിഹരിക്കാൻ ശബരിമലയടക്കമുള്ള മലയോരമേഖലയുടെ വികസനമാണ് സർക്കാർ ഉന്നയിക്കുന്നത്. ലക്ഷക്കണക്കിന് ശബരിമല തീർഥാടകർക്ക് പ്രയോജനകരമാവുന്ന പദ്ധതി വഴി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളുടെ ബഹുമുഖ വികസനത്തിനും വഴിയൊരുങ്ങും. ഇതിനൊപ്പം എത്തുന്ന ശബരി റെയിൽവേയും കുതിപ്പേകും. ചെറുവള്ളി എസ്റ്റേറ്റിൽ രാജ്യാന്തര വിമാനത്താവളത്തിന് ആവശ്യമായ 3,000 മീറ്റർ റൺവേ നിർമിക്കാമെന്നും വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. അതും ഡിജിസിഎയ്ക്ക് നൽകുന്ന മറുപടിയിൽ വ്യക്തമാക്കും.
ഡിജിസിഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുമെന്ന് പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ വി തുളസീദാസും വ്യക്തമാക്കി. വിമാനത്താവള നിർമാണത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇത്തരം ചോദ്യങ്ങൾ ഉയരും. കണ്ണൂർ വിമാനത്താവള നിർമാണാരംഭഘട്ടത്തിലും ഇതേ രീതിയിലുള്ള സംശയവും നിരീക്ഷണവും ഉന്നയിച്ചെങ്കിലും അവയ്ക്കെല്ലാം മറുപടി നൽകിയാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറയുന്നു.