തിരുവനന്തപുരം
സംസ്ഥാനത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയെന്ന് ആശങ്ക. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലയിൽ ആഫ്രിക്കൻ ഒച്ച് (അക്കാറ്റിന ഫുലിക്ക) പെരുകുന്നു. കപ്പ, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിയവയുടെ കൃഷിയെ ബാധിക്കുന്ന തരത്തിലേക്ക് ഇവയുടെ വ്യാപനം വളർന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് ഇതുവരെ ഒമ്പത് പേർക്ക് ഒച്ചുകൾ മൂലമുള്ള അഞ്ചാം പനി ബാധിച്ചതായി കണ്ടെത്തി. അഞ്ചാംപനിക്ക് കാരണമാകുന്ന നാടവിരകൾ ഇവയിൽ ഉണ്ടെന്ന് നേരത്തെ വിദഗ്ധർ കണ്ടെത്തിയിരുന്നു.
മറ്റുരാജ്യങ്ങളിൽനിന്ന് തടി ഇറക്കുമതിയിലൂടെ കേരളത്തിൽ എത്തിയ ഇവ 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിലൂടെയാണ് വ്യാപിച്ചത്. അഞ്ചുമുതൽ ആറുവർഷംവരെയാണ് ഇവയുടെ ആയുസ്സ്. തണുത്ത പ്രതലത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവ മുട്ടകൾ സൂക്ഷിക്കുന്നത് മണ്ണിനടിയിലാണ്. ഒരുതവണ 800ൽ അധികം മുട്ടയിടും. ഇണചേരാതെതന്നെ പ്രത്യുൽപ്പാദന ശേഷിയുമുണ്ട്. മൂന്നു വർഷംവരെ ഭക്ഷണം കഴിക്കാതെ മണ്ണിനടിയിൽ ജീവിക്കാൻ ആഫ്രിക്കൻ ഒച്ചിന് സാധിക്കുമെന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
കാണുന്ന സമയത്തുതന്നെ പിടികൂടി നശിപ്പിക്കുകയാണ് ഏക പ്രതിവിധി. ഇതിനായി പുകയില കഷായവും തുരിശും ചേർന്ന ലായനി ഉപയോഗിക്കാം. ഒച്ചിന്റെ ദ്രവം ശരീരത്തിലാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.
ലോകത്തിലെ അപകടകാരികളായ 100 ജീവികളിൽപ്പെടുന്ന ഇവ കാർഷിക വിളയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് ഉയർത്തുന്നതെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിസ്റ്റ് ഡോ. ടി വി സജീവ് പറഞ്ഞു.