പാലക്കാട്
നര്ക്കോട്ടിക് ജിഹാദ് എന്ന പദപ്രയോഗം ഉന്നത സ്ഥാനത്തിരിക്കുന്നവര്ക്ക് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് നേരത്തേ പറഞ്ഞിരുന്നു. പൊതുസമൂഹം പ്രസ്താവനയ്ക്കൊപ്പമല്ല. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. സിപിഐ എം പെരുവെമ്പ് ലോക്കൽ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലൗജിഹാദില്ലെന്ന് കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയതാണ്. ആളെക്കൂട്ടാൻ ചിലര് ഓടി നടക്കുന്നുണ്ട്. അവരെ കണ്ട് ഭ്രമിക്കരുത്. ഇത്തരക്കാരുടെ ഉദ്ദേശ്യം വേറെയാണ്. കേരളത്തിലെ മതനിരപേക്ഷതയിൽ വിളറിപൂണ്ട വർഗീയവാദികൾ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നു. ഇത്തരം പ്രശ്നങ്ങള് ഉയര്ത്തിക്കൊണ്ടുവരാനും വര്‍ഗീയമായി ചേരിതിരിക്കാനും ശ്രമിക്കുന്നവരാണ് സംഘപരിവാര്.
കേരളത്തെ തകര്ക്കാമെന്ന് ആരും കരുതരുത്. അത്തരം നീക്കം ഏത് വിഭാഗത്തിൽനിന്ന് ഉണ്ടായാലും കര്ശനമായി നേരിടും. മയക്കുമരുന്ന് വ്യാപനം തടയാന് കര്ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.