തിരുവനന്തപുരം
സെസും സർചാർജും വഴി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽനിന്ന് കൊള്ളയടിക്കുന്നത് അഞ്ചര ലക്ഷം കോടി രൂപ. മൊത്തം നികുതി വരുമാനത്തിന്റെ അഞ്ചിലൊന്നാണ് ഇത്. ഇതിൽ ജിഎസ്ടി നഷ്ടപരിഹാരമായി ഒരുലക്ഷം കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നത്. അടുത്തവർഷംമുതൽ ഇതും നിർത്തലാക്കും.
2011–-12ൽ സെസും സർചാർജും വഴി ആകെ ശേഖരിച്ചത് 92,537 കോടി രൂപയാണ്. 2018–-19ൽ ഇത് 4.13 ലക്ഷം കോടിയായി ഉയർന്നു. ഈ സാമ്പത്തിക വർഷം 5.32 ലക്ഷം കോടിയാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ടതില്ലാത്തതിനാൽ മുഴുവൻ തുകയും കേന്ദ്രത്തിന് കൈക്കലാക്കാം.
പിഴിയുന്നത് ജനങ്ങളെ
ഒരുലിറ്റർ പെട്രോളിൽ നികുതിയും സെസുകളുമായി 32.90 രൂപയാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. അടിസ്ഥാന എക്സൈസ് നികുതി 1.40 രൂപ. റോഡ് അടിസ്ഥാന സൗകര്യ സെസ് 18 രൂപ. പ്രത്യേക അധിക എക്സൈസ് നികുതി 11 രൂപ. കൃഷി, അടിസ്ഥാന സൗകര്യ വികസന സെസ് 2.50 രൂപ. ഇതിൽ 1.40 രൂപയുടെ 42 ശതമാനംമാത്രമാണ് സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നത്. ഇതിന്റെ ബാക്കിയും അധികമായി ലഭിക്കുന്ന 31.50 രൂപയും കേന്ദ്രത്തിനാണ്. ഡീസലിൽ നേരിയ വ്യത്യാസംമാത്രം. 1.80 രൂപയാണ് സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട അടിസ്ഥാന നികുതി ഭാഗം. ബാക്കി 31.50 രൂപയും കേന്ദ്ര ഖജനാവിലേക്ക് പോകും. ദുർഗുണ പട്ടികയിൽപ്പെടുന്ന പുകയില ഉൽപ്പന്നങ്ങൾക്കുള്ള സർചാർജ്, പഞ്ചസാരയ്ക്കുള്ള സെസ്, റോഡ് അടിസ്ഥാന സൗകര്യ സെസ്, നിർമല പരിസ്ഥിതി സെസ്, കൃഷി കല്യാൺ സെസ്, സ്വച്ഛ്ഭാരത് സെസ് തുടങ്ങിയവയും കേന്ദ്രം ഈടാക്കുന്നു.