കൂറ്റനാട്> നിളയുടെ ഓളപ്പരപ്പില് ആവേശം നിറച്ച് കയാക്കിങ് ഫെസ്റ്റിന് തുടക്കം.തൃത്താല വെള്ളിയാങ്കല്ലിലാണ് ഫെസ്റ്റിന് തുടക്കമായത്. ജനങ്ങൾക്ക് ചൊവ്വാഴ്ച രാവിലെ മുതൽ വൈകിട്ട്വരെ കയാക്കിങ് ചെയ്യാം. കയാക്കിങ്ങിന് അനുയോജ്യമാണ് ഭാരതപ്പുഴയെന്ന് കണ്ടെത്തിയതിനാലാണ് വെള്ളിയാങ്കല്ല് പൈതൃക പാർക്കിനടുത്ത് സൗകര്യമൊരുക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ തുഴച്ചിലുകാരെല്ലാം നിളയുടെ സൗന്ദര്യത്തില് മതിമറന്നു.വിനോദസഞ്ചാരികളെ ധാരാളമായി ആകര്ഷിക്കാന് ഈ സ്ഥലം അനുയോജ്യമാണെന്ന് കയാക്കേഴ്സ് പറഞ്ഞു.
കയാക്കിങ് ഭൂപടത്തിൽ തൃത്താലയെ അടയാളപ്പെടുത്തുന്നതിനൊപ്പം ഇതിലൂടെ പുഴയുടെ ശുചീകരണവും ലക്ഷ്യമിടുന്നു. കയാക്കിങ് ഫെസ്റ്റ് സ്പീക്കര് എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയ അധ്യക്ഷയായി.
തൃത്താലയിൽ സമഗ്ര ടൂറിസം വികസന പദ്ധതി നടപ്പാക്കുമെന്ന് പ്രകടനപത്രികയില് എൽഡിഎഫ് നൽകിയ വാഗ്ദാനമാണ്. അതിന് തുടക്കംകുറിച്ച് കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ ‘മലബാർ ലിറ്റററി സർക്യൂട്ട്’ പ്രഖ്യാപിച്ചു. ഇപ്പോൾ വെള്ളിയാങ്കല്ലിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള ശ്രമമായാണ് കയാക്കിങ് തുടങ്ങുന്നത്.