തിരുവനന്തപുരം > സംസ്ഥാനത്തെ 2023 ഓടെ സമ്പൂര്ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന് പ്രത്യേക കര്മ്മ പദ്ധതി തയ്യാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. സംസ്ഥാനം ആവിഷ്ക്കരിച്ച കേരള ആന്റി മൈക്രോബിയല് റെസിസ്റ്റന്സ് സ്ട്രാറ്റജിക് ആക്ഷന് പ്ലാന് (Kerala Antimicrobial Resistance Strategic Action Plan – KARSAP) ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക കര്മ്മ പദ്ധതി തയ്യാറാക്കിയത്. ഇതിനെ നവകേരളം കര്മ്മപദ്ധതി രണ്ടിന്റെ ഭാഗമാക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന കേരള ആന്റി മൈക്രോബിയല് റെസിസ്റ്റന്സ് സ്ട്രാറ്റജിക് ആക്ഷന് പ്ലാന് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ആക്ഷന് പ്ലാനിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഇതുവരെയുള്ള പ്രവര്ത്തനങ്ങള് യോഗം വിലയിരുത്തി. കോവിഡ് കാരണം എഎംആര് പ്രവര്ത്തനങ്ങള് മന്ദഗതിയിലായത് ഊര്ജിതമാക്കാന് തീരുമാനിച്ചു. അടുത്ത 3 വര്ഷത്തിനകം ലക്ഷ്യം കൈവരിക്കാനായി പരിഹരിക്കേണ്ട പ്രശ്നങ്ങള് കണ്ടെത്തി ആക്ഷന് പ്ലാന് വിപുലപ്പെടുത്തും. ജില്ലാതലങ്ങളില് എഎംആര് കമ്മിറ്റികള് രൂപീകരിക്കും. എറണാകുളം ജില്ലയില് വിജയകരമായി പരീക്ഷിച്ച ഹബ് ആന്റ് സ്പോക്ക് മാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
എല്ലാ മൂന്ന് മാസവും അവലോകന യോഗങ്ങള് സംഘടിപ്പിച്ച് ലക്ഷ്യം പൂര്ത്തിയാക്കും. ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ ക്യാമ്പയിന് സംഘടിപ്പിക്കും. സ്കൂള് വിദ്യാര്ഥികളില് അവബോധം ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കും. എഎംആര്. നിരീക്ഷണ ശൃംഖല (KAR-Net) വിപുലീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. പരിസ്ഥിതി, ജലം, പാല്, മത്സ്യ മാംസാദികള്, ആഹാര പദാര്ത്ഥങ്ങള് എന്നിവയില് കാണുന്ന ആന്റിബയോട്ടികളുടെ അംശങ്ങളെ പറ്റിയുള്ള പഠനങ്ങള് വിവിധ വിഭാഗങ്ങള് അവതരിപ്പിച്ച് നിയന്ത്രണ നടപടികൾ ചര്ച്ച ചെയ്തു.
ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. രാജന് എന് ഖോബ്രഗഡെ, മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര് എം സി ദത്തന്, ആരോഗ്യ വകുപ്പ് ഡയറക്ടര്, ഐഎസ്എം ഡയറക്ടര്, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്, ഡ്രഗ്സ് കണ്ട്രോളര്, മെഡിക്കല് കോളേജ് മൈക്രോളജി വിഭാഗം മേധാവി, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ്, വെറ്റിനറി യൂണിവേഴ്സിറ്റി, ഫിഷറീസ് യൂണിവേഴ്സിറ്റി, മലിനീകരണ നിയന്ത്രണ ബോര്ഡ്, ആര്ജിസിബി, അസോസിയേഷന് ഓഫ് ഫിസിഷ്യന്സ്, ഐഎംഎ, ഐഎപി, സ്വകാര്യ മേഖല, തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളും യോഗത്തില് പങ്കെടുത്തു.